ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് ഒത്തുകളിയാണെന്ന പരാമർശത്തില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ബിജെപി. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ കുമാറും അടങ്ങുന്ന ബിജെപി പ്രതിനിധി സംഘമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നൽകിയത്.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പുരി വ്യക്തമാക്കി. പരാമര്‍ശം പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനം മാത്രമല്ലെന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത പുരി പറഞ്ഞു. രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കും ഇന്ത്യ സഖ്യ കക്ഷികൾക്കുമെതിരെ കർശന നടപടി എടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇത്തരം പരാമർശങ്ങൾ ആവര്‍ത്തിച്ച് നടത്തുന്നുണ്ടെന്ന് അരുണ്‍ കുമാറും ആരോപിച്ചു.
ഇന്നലെ രാം ലീല മൈതാനിയില്‍ നടന്ന ഇന്ത്യ സഖ്യത്തിന്‍റെ റാലിക്കിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരു ഒത്തുകളി മത്സരമാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മിഷനിൽ കേന്ദ്ര സർക്കാർ തങ്ങളുടെ ആളുകളെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിഎമ്മുകളുടെ വിശ്വാസ്യതയെ കുറിച്ചും രാഹുല്‍ ഗാന്ധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.