ന്യൂഡല്‍ഹി : 9-10 ക്ലാസുകളിൽ ബേസിക് മാത്തമാറ്റിക്‌സ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് പ്ലസ്‌ടു തലത്തില്‍ മാത്തമാറ്റിക്‌സ് എടുക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). ബേസിക് മാത്തമാറ്റിക്‌സ് പഠിച്ച വിദ്യാര്‍ഥികള്‍ക്കും ഇനി പ്ലസ് ടു തലത്തിൽ സ്‌റ്റാൻഡേർഡ് മാത്തമാറ്റിക്‌സ് തെരഞ്ഞെടുക്കാം. ഇത് സംബന്ധിച്ച് സിബിഎസ്ഇ വിജ്ഞാപനം പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ വിദഗ്‌ധൻ ദേവ് ശർമ്മ പറഞ്ഞു.
നിലവിലുള്ള സിബിഎസ്ഇ നിയമം അനുസരിച്ച്, ബേസിക് മാത്തമാറ്റിക്‌സില്‍ പത്താം ക്ലാസ് വിജയിച്ച വിദ്യാർഥികൾക്ക് 11-ാം ക്ലാസിൽ സ്‌റ്റാൻഡേർഡ് മാത്തമാറ്റിക്‌സ് തെരഞ്ഞെടുക്കാൻ അർഹതയില്ല. ഈ വിദ്യാർഥികൾക്ക് പ്ലസ് 2 തലത്തിൽ അപ്ലൈഡ് മാത്തമാറ്റിക്‌സ് തെരഞ്ഞെടുക്കാം. 9-10 ക്ലാസുകളിൽ സ്‌റ്റാൻഡേർഡ് മാത്തമാറ്റിക്‌സ് പഠിച്ചവർക്ക് മാത്രമേ 11-12 ക്ലാസിൽ സ്‌റ്റാൻഡേർഡ് മാത്തമാറ്റിക്‌സ് പഠിക്കാൻ കഴിയുമായിരുന്നുള്ളൂ.
2024-25 അക്കാദമിക വര്‍ഷം മുതൽ ബേസിക് മാത്തമാറ്റിക്‌സിലും സ്‌റ്റാൻഡേർഡ് മാത്തമാറ്റിക്‌സിലുമുള്ള വിദ്യാർഥികൾക്ക് സ്‌റ്റാൻഡേർഡ് മാത്തമാറ്റിക്‌സ് തെരഞ്ഞെടുക്കാനാകും.
വിപുലമായ ഗണിത വൈദഗ്ധ്യം ആവശ്യമില്ലാത്ത വിഷയങ്ങൾ പഠിക്കാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് വേണ്ടിയുള്ളതാണ് ബേസിക് മാത്തമാറ്റിക്‌സ് വിഷയം. എഞ്ചിനീയറിങ് പോലെ ഗണിതവുമായി ബന്ധപ്പെട്ട മേഖലകൾ പഠിക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള വിഷയമാണ് സ്‌റ്റാൻഡേർഡ് മാത്‌സ്.
സ്‌റ്റാൻഡേർഡ് മാത്‌സില്‍ പ്രവേശനം നൽകുന്നതിന് മുമ്പ് വിദ്യാര്‍ഥിക്ക് സ്‌റ്റാൻഡേർഡ് മാത്തമാറ്റിക്‌സ് മനസ്സിലാക്കാനുള്ള ശേഷിയുണ്ടെന്ന് സ്‌കൂൾ മേധാവി ഉറപ്പ് വരുത്തണമെന്നും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.
Also Read : എസ്എസ്എൽസി, ഹയർ സെക്കന്‍ഡറി പരീക്ഷ ഫല പ്രഖ്യാപനം; തീയതി പുറത്ത് - Kerala SSLC Result 2024 Date