ന്യൂഡല്‍ഹി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം (bail to Arvind Kejriwal in Delhi Excise scam). റോസ് അവന്യൂ കോടതിയാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിക്കുന്ന കുറ്റമേ കെജ്‌രിവാള്‍ ചെയ്‌തിട്ടുള്ളൂ എന്നും കേസുമായി ബന്ധപ്പെട്ട രേഖകള്‍ കെജ്‌രിവാളിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അയച്ച നോട്ടിസ് തുടരെ അവഗണിച്ചിരുന്നു. ഇതോടെ പാരിതിയുമായി ഇഡി കോടതിയിലെത്തി. രണ്ട് പരാതികളാണ് ഇഡി ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ സമര്‍പ്പിച്ചത്.
ഡല്‍ഹി അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദിവ്യ മല്‍ഹോത്രയാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് 8 സമന്‍സുകളാണ് ഇഡി അരവിന്ദ് കെജ്‌രിവാളിന് അയച്ചത്. എന്നാല്‍ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് സമന്‍സുകളെല്ലാം കെജ്‌രിവാള്‍ അവഗണിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം സെക്ഷന്‍ 50 പ്രകാരമാണ് ഇഡി കെജ്‌രിവാളിന് നോട്ടിസ് അയച്ചത്. കേസില്‍ ആദ്യം അയച്ച മൂന്ന് സമന്‍സുകളില്‍ ഹാജരാകാതിരുന്നതോടെ കെജ്‌രിവാളിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.