ന്യൂഡല്‍ഹി: നീറ്റ് യുജി 2024 ന്‍റെ വരാനിരിക്കുന്ന അവസാന അലോട്ട്‌മെന്‍റില്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് ലഭിച്ചിട്ടും ചേര്‍ന്നില്ലെങ്കില്‍ കടുത്ത നടപടി എടുക്കുമെന്ന് ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പുമായി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി). അവസാന അലോട്ട്മെന്‍റില്‍ (സ്ട്രേ വേക്കൻസി അലോട്ട്‌മെന്‍റ്) സീറ്റ് ലഭിച്ചിട്ടും അഡ്‌മിഷൻ എടുക്കാത്തവരെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യുമെന്നും ഫീസ് ഉള്‍പ്പെടെ കണ്ടുകെട്ടുമെന്നും എംസിസി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് പ്രവേശനത്തിന് ബാക്കിയുള്ള ഒഴിവിലേക്കുള്ള അലോട്ട്‌മെന്‍റ് രജിസ്‌ട്രേഷന്‍റെ അവസാന തീയതി അടുത്തിരിക്കെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. അന്തിമ അലോട്ട്‌മെന്‍റില്‍ സീറ്റ് ലഭിച്ചവര്‍ അതത് മെഡിക്കല്‍ കോളേജില്‍ അഡ്‌മിഷൻ എടുക്കണമെന്നും എംസിസി അറിയിച്ചു.
നീറ്റ് യുജി 2024 സ്കോർ കാർഡിന്‍റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് പ്രവേശനത്തിനുള്ള കൗൺസലിങ് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും അതത് സംസ്ഥാനങ്ങളിലെ സംസ്ഥാന മെഡിക്കൽ ബോർഡുകളും ചേർന്നാണ് നടത്തുക. ഒക്‌ടോബർ 21-ന് ആരംഭിച്ച സ്‌ട്രേ വേക്കൻസി റൗണ്ടിന്‍റെ രജിസ്‌ട്രേഷൻ നടപടികൾ ഒക്ടോബർ 25 വരെ തുടരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സീറ്റ് അലോട്ട്‌മെന്‍റ് ഫലം ഒക്ടോബർ 29-ന് പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾ അസൽ രേഖകളും കോളേജ് ഫീസും സഹിതം ഒക്ടോബർ 30 മുതൽ നവംബർ 5 വരെ അലോട്ട്മെന്‍റ് ലഭിച്ച കോളേജുകളിൽ നേരിട്ട് ഹാജരാകണം. ഇല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യുമെന്നും ഫീസ് കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
'ഒരു ഉദ്യോഗാര്‍ഥിക്ക് സ്‌ട്രേ റൗണ്ടിൽ സീറ്റ് ലഭിച്ചാല്‍, ആ അനുവദിച്ച സീറ്റിൽ/കോളേജിൽ ചേരണം. ഉദ്യോഗാർഥി അനുവദിച്ച സീറ്റിൽ ചേരുന്നില്ലെങ്കിൽ, അടുത്ത സെഷനിലേക്കുള്ള നീറ്റ് പരീക്ഷയിൽ നിന്ന് ഫീസ് കണ്ടുകെട്ടുന്നതിനൊപ്പം ഡീബാർ ചെയ്യപ്പെടും' എന്ന് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി അറിയിച്ചു.
മെഡിക്കൽ കൗൺസലിങ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അറിയാം
- ഓൾ ഇന്ത്യ ക്വാട്ടയിലും സ്‌റ്റേറ്റ് ക്വാട്ടയിലും സീറ്റ് ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് മാത്രമേ സ്‌ട്രേ വേക്കൻസി റൗണ്ടിൽ (അന്തിമ അലോട്ട്‌മെന്‍റ്) പങ്കെടുക്കാൻ കഴിയൂ.
- റൗണ്ട്-3-ൽ എംസിസി വഴി അനുവദിച്ച സീറ്റുകളിൽ ചേരാത്തവർക്ക് 2024 ലെ യുജി കൗൺസിലിങ്ങിന്‍റെ സ്‌ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ സാധിക്കില്ല.
- റൗണ്ട്-3 യുജി കൗൺസിലിങ്ങില്‍ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗാർഥികള്‍ക്ക് സംസ്ഥാന കൗൺസിലിങ്ങില്‍ പങ്കെടുക്കാം.
- നേരത്തെയുള്ള റൗണ്ടുകളിലൂടെ സംസ്ഥാന ക്വാട്ട സീറ്റുകളിൽ ചേർന്നിട്ടുള്ള ഉദ്യോഗാർഥികൾക്ക് 2024 ലെ യുജി കൗൺസിലിങ്ങിന്‍റെ സ്‌ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ അർഹതയില്ല.
- എംസിസി സ്‌ട്രേ വേക്കൻസി റൗണ്ടിന്‍റെ വിവരങ്ങള്‍ സംസ്ഥാന കൗൺസിങ് ബോർഡുകളിലേക്ക് അയയ്ക്കും. അത്തരം സാഹചര്യങ്ങളില്‍ എംസിസി സീറ്റുകൾ അനുവദിച്ച് അഡ്‌മിഷൻ എടുക്കാത്ത ഉദ്യോഗാർഥികളെ സംസ്ഥാന കൗൺസിലിങ്ങില്‍ നിന്നുള്ള പ്രവേശനം തടയും.