ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടിയുടെ വളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയപ്പെടുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എഎപിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് മോദി നടത്തുന്നത്. ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌താല്‍ 100 കെജ്‌രിവാള്‍മാർ ജന്മമെടുക്കുമെന്നും ബിജെപി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിന് മുന്നോടിയായി അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു.
എഎപിയുടെ വളര്‍ച്ച പ്രധാനമന്ത്രിയെ ആശങ്കപ്പെടുത്തുകയാണ്. വേഗത്തിലാണ് നമ്മുടെ പാര്‍ട്ടി വളരുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടിയെ തകര്‍ക്കാൻ അവര്‍ 'ഓപ്പറേഷൻ ജാധു' ആരംഭിച്ചു. ഇനി നമ്മുടെ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. പാര്‍ട്ടി ആസ്ഥാനത്തേക്കുള്ള റോഡ് അടയ്‌ക്കും. വലിയ വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ അവയെ നേരിടാൻ എല്ലാവരും തയ്യാറാകേണ്ടതുണ്ടെന്നും കെജ്‌രിവാൾ ആഹ്വാനം ചെയ്‌തു.
'ആം ആദ്‌മി പാർട്ടിയോട് മോദിയ്‌ക്ക് അസൂയയാണ്. ജനങ്ങള്‍ക്ക് വേണ്ടി ആം ആദ്‌മി പാര്‍ട്ടി ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കാൻ ബിജെപിയ്‌ക്ക് സാധിക്കുന്നില്ല. അതുകൊണ്ടെല്ലാം തന്നെ പാര്‍ട്ടിയിലെ നേതാക്കളെ ജയിലില്‍ അടയ്‌ക്കാനാണ് മോദി പറയുന്നത്. എത്ര ലജ്ജാകരമായ കാര്യമാണിത്.'- അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
അതേസമയം, ബിജെപി ആസ്ഥാനത്തേക്ക് അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തില്‍ എഎപി നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. പിന്നാലെ പ്രവര്‍ത്തകരോട് പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എഎപിയ്‌ക്കെതിരെ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. തങ്ങള്‍ സമാധാനപരമായി നടത്തിയ മാര്‍ച്ചാണ് പൊലീസ് തടഞ്ഞതെന്ന് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
Also Read: