തേസ്‌പൂർ: 18-ാം ലോക്‌സഭയിലെക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്നലെയായിരുന്നു രാജ്യത്ത് നടന്നത്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ സമ്മതിദായകര്‍ ഇന്നലെ പോളിങ് സ്റ്റേഷനിലേക്ക് എത്തി. 60 ശതമാനം വോട്ടായിരുന്നു ഒന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.
പല സംസ്ഥാനങ്ങളിലും വോട്ട് രേഖപ്പെടുത്താൻ രാവിലെ മുതല്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍, അരുണാചല്‍ പ്രദേശില്‍ ഒരു വോട്ടിന് വേണ്ടി ഉദ്യോഗസ്ഥര്‍ക്ക് കിലോമീറ്ററുകളോളം ദൂരം സഞ്ചരിക്കേണ്ടി വന്ന കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കിഴക്കൻ അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിലാണ് സംഭവം. ജില്ലയുടെ പ്രധാന കേന്ദ്രമായ ഹയുലിയാങ്ങിൽ നിന്നും 39 കിലോ മീറ്റര്‍ അകലെ മലോഗം എന്ന ഒരു ഗ്രാമം സ്ഥിതി ചെയ്യുന്നുണ്ട്. ഹയുലിയാങ് നിയമസഭ മണ്ഡലത്തിന് കീഴിലാണ് ഈ ഗ്രാമം ഉള്‍പ്പെടുന്ന പാര്‍ലമെന്‍റ് മണ്ഡലവും വരുന്നത്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താൻ ആകെ രജിസ്റ്റര്‍ ചെയ്‌തത് 44 കാരിയായ സോക്ലേല തയാങ് മാത്രം.
നിരവധി വെല്ലുവിളികള്‍ തരണം ചെയ്‌തായിരുന്നു ഉദ്യോഗസ്ഥര്‍ സോക്ലേല തയാങിന്‍റെ വോട്ട് രേഖപ്പെടുത്താൻ ഇവിടേക്ക് എത്തിയത്. പൊതുഗതാഗത സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഒരു ഗ്രാമം കൂടിയാണ് മലോഗം. എന്നിരുന്നിട്ടും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സുരക്ഷ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പോളിങ് നടത്തിപ്പിനായി ഗണ്യമായ ദൂരം സഞ്ചരിച്ച് ഇവിടേക്ക് എത്തി. ഈ സ്ഥലത്തേക്ക് എത്തിപ്പെടാൻ ഉദ്യോഗസ്ഥര്‍ക്ക് ഒരു ദിവസം വേണ്ടിവന്നിരുന്നു.
രാജ്യത്തുടനീളമുള്ള 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന അരുണാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍, അരുണാചൽ ഈസ്റ്റ് പാർലമെന്‍റ് മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത് നിലവിലെ പാർലമെന്‍റ് അംഗമായ തപിർ ഗാവോ (എംപി) ആണ്.
മുൻ കോൺഗ്രസ് വിദ്യാഭ്യാസ മന്ത്രി ബാഷിഷ് ചേത്രിയാണ് അദ്ദേഹത്തിന്‍റെ പ്രധാന എതിരാളി. അരുണാചൽ പ്രദേശിൽ ആകെ 2,226 പോളിങ് സ്റ്റേഷനുകളാണുള്ളത്. 228 സ്റ്റേഷനുകളിൽ എത്താൻ അരുണാചലിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസത്തെ യാത്ര വേണ്ടിവന്നു എന്നത് ശ്രദ്ധേയമാണ്.
ALSO READ: ജനാധിപത്യത്തിന്‍റെ ഉത്സവം 111-ാം വയസിലും കൊണ്ടാടി കുപ്പച്ചിയമ്മ