ന്യൂഡല്‍ഹി : സ്വന്തം ഭാഷ സംരക്ഷിക്കാനാകാത്ത രാജ്യവും ജനങ്ങളും സ്വന്തം ചരിത്രവും സംസ്‌കാരവുമായുള്ള ബന്ധത്തില്‍ നിന്ന് വിട്ട് പോകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അവരുടെ ഭാവിതലമുറയ്ക്ക് അടിമത്തം പേറി ജീവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി ഭാഷ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍.
നാലാമത് അഖില ഭാരതീയ ദേശീയഭാഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വരാജ്, സ്വധര്‍മ്മ, സ്വദേശം എന്നിവയ്ക്ക് പ്രാധാന്യം നല്‍കാത്തവരുടെ ഭാവി തലമുറയ്ക്ക് അടിമത്തത്തില്‍ നിന്ന് മോചനം നേടാനാകില്ല. സ്വരാജിന്‍റെ അന്തഃസത്ത സ്വന്തം ഭാഷയില്‍ അടങ്ങിയിരിക്കുന്നു. സ്വന്തം ഭാഷ സംരക്ഷിക്കാനാകാത്ത രാജ്യം അവരുടെ ചരിത്ര-സാഹിത്യ-സാംസ്‌കാരിക മൂല്യങ്ങളില്‍ നിന്ന് അകന്ന് പോകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാവര്‍ഷവും സെപ്റ്റംബര്‍ പതിനാലിനാണ് ഹിന്ദി ദിവസം ആചരിക്കുന്നത്. രാജ്യത്തെ ഔദ്യോഗിക ഭാഷകളിലൊന്നായി ഹിന്ദിയെ അംഗീകരിച്ചതിന്‍റെ ഓര്‍മ്മപുതുക്കലിനായാണ് ഈ ദിനം ഹിന്ദി ദിനമായി ആചരിക്കുന്നത്.
പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍ നടത്തുന്നതിന് പുതിയ വിദ്യാഭ്യാസ നയത്തില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയതിനെയും അമിത് ഷാ പ്രശംസിച്ചു. സ്വാതന്ത്ര്യം നേടി അന്‍പത് വര്‍ഷത്തിനിപ്പുറവും, ശിവജി മഹാരാജ് നമ്മെ ഉപദേശിച്ച പോലെ സ്വരാജ്, സ്വധര്‍മ്മ, സ്വഭാഷ എന്നീ തത്വങ്ങളിലൂന്നിയാണ് നാം മുന്നോട്ട് പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യാന്തര വേദികളില്‍ ഹിന്ദിയില്‍ സംസാരിക്കുന്നതിലൂടെ ആഗോളതലത്തിലും ഇപ്പോള്‍ ഹിന്ദിക്ക് വലിയ സ്വീകാര്യത കിട്ടുന്നുണ്ട്.
ഐക്യരാഷ്‌ട്രസഭ പൊതുസഭയില്‍ അടല്‍ ബിഹാരി വാജ്‌പേയി ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ ലോകം ഞെട്ടിപ്പോയി. എന്നാലിന്ന് ഹിന്ദി ഐക്യരാഷ്‌ട്ര സഭയുടെ ഔദ്യോഗിക ഭാഷകളിലൊന്നായി മാറിയിരിക്കുന്നു. പത്തിലേറെ രാജ്യങ്ങളിലെ ഉപ ഭാഷയായും ഹിന്ദി മാറിയിരിക്കുന്നു. ഹിന്ദി ഒരു രാജ്യാന്തര ഭാഷയായി വളര്‍ന്ന് കൊണ്ടിരിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കുട്ടികള്‍ക്ക് അവരുടെ ഹൃദയവികാരങ്ങള്‍ മാതൃഭാഷയില്‍ സുഗമമായി പ്രകടിപ്പിക്കാനാകുന്നുവെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍ നല്‍കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കുട്ടികള്‍ക്ക് സംസാരിക്കാനും ആശയപ്രകാശനം നടത്താനാകുന്നത് മാതൃഭാഷയിലാണ്. നാം ചിന്തിക്കുന്നത് മാതൃഭാഷയിലാണ്. ചിന്തിക്കല്‍, വിശകലനം, തീരുമാനം തുടങ്ങി കുട്ടികളുടെ വികസനമെല്ലാം അവന്‍റെ മാതൃഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് കൊണ്ടാണ് മോദി വിദ്യാഭ്യാസം മാതൃഭാഷയിലാകണമെന്ന് ഊന്നിപ്പറയുന്നത്.
ഹിന്ദിയും എല്ലാ പ്രാദേശിക ഭാഷകളും പരസ്‌പരപൂരകങ്ങളാണ്. ഹിന്ദിയും മറ്റ് പ്രാദേശിക ഭാഷകളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാഹിത്യം, ലേഖനങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയവയെല്ലാം എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും തിരിച്ചും മൊഴിമാറ്റം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദിയും പ്രാദേശിക ഭാഷകളും തമ്മില്‍ യാതൊരു മത്സരവുമില്ല. ഹിന്ദി എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും സുഹൃത്താണ്. മത്സരത്തിന്‍റെ ചോദ്യം ഒരിക്കലും ഉയരുന്നില്ല. കാരണം ഹിന്ദിയും എല്ലാ പ്രാദേശിക ഭാഷകളും പരസ്‌പര പൂരകങ്ങളാണ്. അത് കൊണ്ട് തന്നെ ഹിന്ദിയും മറ്റ് പ്രാദേശിക ഭാഷകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം. ഹിന്ദിയിലുള്ള സാഹിത്യവും ലേഖനങ്ങളും പ്രസംഗവുമെല്ലാം നമ്മുടെ ഔദ്യോഗിക ഭാഷ വിഭാഗം മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റിയിരിക്കണം. ഇതാണ് ഇപ്പോഴാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'മര്‍ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍'; അന്താരാഷ്‌ട്ര മാതൃഭാഷ ദിനം ഇന്ന്