വിജയവാഡ (ആന്ധ്രാപ്രദേശ്) : താന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് ഒപ്പം തന്നെയെന്ന് വ്യക്തമാക്കി തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്‌ട്രീയത്തില്‍ ആരും സ്ഥിരമല്ല. എന്നാല്‍ രാജ്യവും ജനാധിപത്യവും രാഷ്‌ട്രീയ കക്ഷികളുമെല്ലാം ശാശ്വതമാണ്. പാര്‍ട്ടികള്‍ വേണ്ടും വിധം പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ അവരെ വീണ്ടും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രബാബു നായിഡു വൈഎസ്ആര്‍സിപിക്കും അതിന്‍റെ നേതാവ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിക്കുമെതിരെ ആഞ്ഞടിച്ചും രംഗത്തെത്തി. താന്‍ ഇത്തരമൊരു ചരിത്രപരമായ തെരഞ്ഞെടുപ്പ് കണ്ടിട്ടേയില്ല. അമേരിക്കയില്‍ എവിടെയോ നിന്ന് ഒരാള്‍ വന്ന് ഇതിനോടുള്ള താത്പര്യം കൊണ്ട് പ്രവര്‍ത്തിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരെല്ലാം വന്ന് വോട്ട് രേഖപ്പെടുത്തി. തെലുഗുദേശം പാര്‍ട്ടിയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തു.
1983ല്‍ എന്‍ടി രാമറാവു തന്‍റെ കക്ഷി രൂപീകരിച്ചപ്പോള്‍ 200 സീറ്റ് നേടി. ഇക്കുറിയും ഫലം അപ്രതീക്ഷിതമായി. ജനാധിപത്യത്തിലെ മൗലികാവകാശങ്ങളില്‍ ഒന്ന് അഭിപ്രായ പ്രകടനത്തിനുള്ള അവകാശമാണ്. എന്‍ഡിഎയ്ക്ക് വന്‍ വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.
നിങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു. തന്‍റെ സുദീര്‍ഘമായ രാഷ്‌ട്രീയ ജീവിതത്തിനിടയില്‍ ഈ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിനെ പോലൊരു സര്‍ക്കാരിനെ കണ്ടിട്ടേയില്ല. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും ദുര്‍ബലമാകുന്നതിന് നാം സാക്ഷ്യം വഹിച്ചു. ജനങ്ങള്‍ വിജയിക്കണം. സംസ്ഥാനത്തിനൊപ്പം നില്‍ക്കുക എന്നതാണ് നമ്മുടെ ദൗത്യമെന്നും 74കാരനായ നേതാവ് കൂട്ടിച്ചേര്‍ത്തു.
ജനസേന അധ്യക്ഷനും ചലച്ചിത്രതാരവുമായ പവന്‍ കല്യാണിനും അദ്ദേഹം നന്ദി പറഞ്ഞു. ആന്ധ്രാപ്രദേശില്‍ ടിഡിപിയും ജനസേനയും ബിജെപിയുമായാണ് സഖ്യം. ഈ സഖ്യമാണ് ഇക്കുറി നിയമസഭ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഭൂരിപക്ഷം നേടിയത്.
Also Red: ആന്ധ്രപ്രദേശില്‍ ടിഡിപിയ്‌ക്ക് വിജയം: സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി എൻഡിഎ