ഉത്തര്‍പ്രദേശ്: പൗരത്വഭേദഗതി നിയമത്തെ സ്വാഗതം ചെയ്‌ത് അഖിലേന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് മൗലാനാ ഷഹാബുദ്ധീന്‍ റസ്വി ബറേല്‍വി. നിയമനിര്‍മ്മാണത്തെ സ്വാഗതം ചെയ്യുന്നതായും, ഇത് മുസ്ലീം സമുദായത്തിന്‍റെ ഭയം അകറ്റിയതായും അദ്ദേഹം വ്യക്തമാക്കി (Indian Muslims should welcome CAA, All India Muslim Jamaat President).
'കേന്ദ്രസര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കിയിരിക്കുകയാണ്. ഈ നിയമത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് വളരെ നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു. ഈ നിയമവുമായി ബന്ധപ്പെട്ട് മുസ്ലീങ്ങള്‍ക്കിടയില്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ട്. എന്നാല്‍ എല്ലാവരും മനസ്സിലാക്കേണ്ട കാര്യം കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ മുസ്ലീം സമുദായത്തെ ഈ നിയനം ഒരു കാരണവശാലും ബാധിക്കില്ല എന്നതാണ്.
ഈ നിയമം ഒരു മുസ്ലീമിന്‍റെയും പൗരത്വം എടുത്തുകളയാന്‍ പോകുന്നില്ല. കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ പൗരത്വഭേദഗതി നിയമത്തെ എതിര്‍ത്ത് രാജ്യം നിരവധി പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ്. ഇവയ്ക്ക് കാരണമായത് ചില തെറ്റിദ്ധാരണകളാണ്. ചില രാഷ്ട്രീയക്കാര്‍ മുസ്ലീം ജനതയെ തെറ്റിദ്ധരിപ്പിച്ചു. അതുകൊണ്ട് തെറ്റിദ്ധാരണകള്‍ മാറ്റി ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ സിഎഎയെ സ്വാഗതം ചെയ്യണം' അഖിലേന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് മൗലാനാ ഷഹാബുദ്ധീന്‍ റസ്വി ബറേല്‍വി പറഞ്ഞു.
ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പൗരത്വം നല്‍കാനാണ് പൗരത്വഭേദഗതി നിയമം കൊണ്ടുവരുന്നതെന്നും, ആരുടെയും പൗരത്വം എടുത്തുകളയാനല്ലെന്നും പറഞ്ഞിരുന്നു (moulana shahabuddin razvi bareilvi All India Muslim Jamaat President).
'നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളും, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സമുദായവും പ്രകേപിതരാണ്. നിയമത്തില്‍ വ്യവസ്ഥകളില്ലാത്തതിനാല്‍ സിഎഎയ്ക്ക് ആരുടെയും പൗരത്വം കവര്‍ന്നെടുക്കാനാകില്ല. ബംഗ്ലാദേശിലും, പാകിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് സിഎഎ' അമിത്ഷാ പറഞ്ഞു.
അതേസമയം പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്‍റ് പാസാക്കിയിരുന്നു. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്‌തിരിക്കുന്നത്.
സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.
പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പൗരത്വ അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനായി നല്‍കാം (CAA Act).
പാര്‍ലമെന്‍റ് ബില്‍ പാസാക്കി നാല് വര്‍ഷമാകുമ്പോഴാണ് സിഎഎ പ്രാബല്യത്തില്‍ വരുന്നത്. ധ്രുവീകരണത്തിനും പ്രതിഷേധങ്ങള്‍ക്കും ഏറെ വഴിയൊരുക്കിയ നിയമം ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് വിജ്ഞാപനം ചെയ്യപ്പെടുന്നത് എന്നതാണ് രാഷ്ട്രീയമായി ഏറെ നിര്‍ണായകമാകുന്നത്.