ന്യൂഡൽഹി : എക്‌സിറ്റ് പോൾ ചർച്ചകളിൽ ഇന്ത്യ സഖ്യത്തിലെ മുഴുവൻ അംഗ കക്ഷികളും പങ്കെടുക്കുമെന്ന് ഏകകണ്‌ഠമായി തീരുമാനിച്ചതായി കോൺഗ്രസ് വക്താവും മാധ്യമ വിഭാഗം ചെയർമാനുമായ പവൻ ഖേര. എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് പവൻ ഖേര ഇന്ത്യ സഖ്യത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ അലയൻസ് യോഗത്തിലാണ് തീരുമാനം.
ടെലിവിഷന്‍ ചാനലുകളുടെ ലോക്‌സഭ എക്‌സിറ്റ് പോളുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയിലും പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. റേറ്റിങ്ങിന് വേണ്ടി ചാനലുകള്‍ നടത്തുന്ന യുദ്ധത്തിലും ഊഹാപോഹങ്ങളിലും ഭാഗമാകേണ്ടെന്നായിരുന്നു പാര്‍ട്ടി നിലപാട്. എന്നാൽ ബിജെപിയെയും അതിൻ്റെ മെഷിനറിയെയും തുറന്നുകാട്ടേണ്ടത് ആവശ്യമാണെന്ന് പവൻ ഖേര പോസ്റ്റിൽ പറഞ്ഞു. ചർച്ചകളിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പവൻ ഖേരയുടെ എക്‌സ് പോസ്റ്റ് ഇങ്ങനെ: 'എക്‌സിറ്റ് പോളുകളുമായി ബന്ധപ്പെട്ട് ബിജെപിയെയും അതിൻ്റെ മെഷിനറിയെയും തുറന്നുകാട്ടേണ്ടത് ആവശ്യമാണെന്ന് ഇന്ത്യൻ അലയൻസ് യോഗത്തിൽ തീരുമാനിച്ചു. എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും എല്ലാ വശങ്ങളും ചർച്ച ചെയ്‌ത ശേഷം, എക്‌സിറ്റ് പോൾ ചർച്ചകളിൽ ഇന്ത്യ സഖ്യത്തിലെ എല്ലാ അംഗ കക്ഷികളും പങ്കെടുക്കുമെന്ന് ഏകകണ്‌ഠമായി തീരുമാനിച്ചു.'
അതേസമയം ഭരണമുന്നണിയായ എന്‍ഡിഎയ്‌ക്ക് 350ലേറെ സീറ്റുകള്‍ പ്രവചിച്ചാണ് രാജ്യത്തെ മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നത്. ഇന്ത്യ സഖ്യത്തിന് 150ല്‍ താഴെ സീറ്റുകളേ ലഭിക്കൂ എന്നും സര്‍വേ ഫലങ്ങള്‍ പറയുന്നുണ്ട്. എന്നാൽ ഇത്തരം സര്‍വേ ഫലങ്ങളെ തള്ളുകയാണ് കോണ്‍ഗ്രസ്. സര്‍വേഫലങ്ങള്‍ ലാഭേച്‌ഛയോടെ തയാറാക്കിയതാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ഇതിനിടെയാണ് ചാനലുകളുടെ റേറ്റിങ് വര്‍ധിപ്പിക്കാന്‍ നടത്തുന്ന ഊഹാപോഹങ്ങളിലും കാട്ടിക്കൂട്ടലുകളിലും പങ്കെടുക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. പിന്നാലെ കോണ്‍ഗ്രസിന്‍റെ തോല്‍വി സമ്മതിക്കലാണ് ഈ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും രംഗത്തെത്തി. ഫലം തങ്ങള്‍ക്ക് അനുകൂലമല്ലെന്ന് മനസിലാകുമ്പോഴൊക്കെ കോണ്‍ഗ്രസ് ഇത്തരം നിലപാടുകളാണ് കൈക്കൊണ്ടിട്ടുള്ളതെന്നും നദ്ദ കുറ്റപ്പെടുത്തി. എന്നാൽ കോൺഗ്രസ് ഉൾപ്പടെയുള്ള ഇന്ത്യ സഖ്യത്തിന്‍റെ മുഴുവൻ അംഗ കക്ഷികളും ചർച്ചകളിൽ പങ്കെടുക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്.
ALSO READ: എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിച്ച് കോണ്‍ഗ്രസ്; തോൽവി സമ്മതിക്കലെന്ന് ജെ പി നദ്ദ