പാറ്റ്‌ന: ബിഹാറിലെ ജെഡിയു സഖ്യസര്‍ക്കാരിന് തിരിച്ചടിയായി ദേശീയ ജനറല്‍ സെക്രട്ടറി അലി അഷ്റഫ് ഫത്തമി പാര്‍ട്ടി വിട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുുമുമ്പാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് അടുത്ത മാസം പത്തൊന്‍പതിനാണ് ആരംഭിക്കുന്നത്.
ഫത്തമി നാളെ ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമാകുമെന്നാണ് സൂചന. നേരത്തെ ഇദ്ദേഹം ദര്‍ഭംഗയില്‍ നിന്ന് ആര്‍ജെഡിയുടെ പാര്‍ലമെന്‍റംഗം ആയിരുന്നു. ഇന്ന് നിതീഷ് കുമാറിനാണ് ഫത്തമി രാജിക്കത്ത് അയച്ച് കൊടുത്തത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും രാജി വയ്ക്കുന്നതായി അദ്ദേഹം കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജി സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയുമുണ്ട്.
ഫത്തമിക്ക് ദര്‍ഭംഗയിലോ മധുബനിയില്‍ നിന്നോ ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാല്‍ രണ്ട് മണ്ഡലങ്ങളും ബിജെപിയുടെ പക്കലായതിനാല്‍ അവര്‍ തന്നെ മത്സരിക്കാനാണ് സഖ്യ തീരുമാനം. അതാണ് രാജിക്ക് കാരണമെന്നാണ് സൂചന.
ദര്‍ഭംഗയില്‍ നിന്ന് നാല് വട്ടം എംപിയായ വ്യക്തിയാണ് ഫത്തമി. 2009ല്‍ അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രിയുമായിരുന്നു. 2014ല്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ അവസരം ലഭിച്ചില്ല. മധുബനിയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചു. 2019ല്‍ അദ്ദേഹത്തെ ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കി.
ഇതോടെ അദ്ദേഹം ബിഎസ്‌പിയിലേക്ക് ചേക്കേറി. മധുബനി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കപ്പെട്ടു.
ഫത്തമി 2019 ജൂലൈ 29ന് ജെഡിയുവില്‍ ചേര്‍ന്നു. പാര്‍ട്ടി അദ്ദേഹത്തെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി. ന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ജെഡിയു എന്നായിരുന്നു ഫത്തമിയുടെ അവകാശവാദം. അഞ്ച് കൊല്ലത്തിന് ശേഷം പാര്‍ട്ടി വിടുമ്പോള്‍ തന്‍റെ ഭാവി പരിപാടികളെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
അലി അഷ്‌റഫ് ഫത്തമിയുടെ മകന്‍ ഫറസ് ഫത്തമി ദര്‍ഭംഗയിലെ ക്യോട്ടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ആര്‍ജെഡി ടിക്കറ്റില്‍ 2015ല്‍ എംഎല്‍എ ആയിരുന്നു. 2010ല്‍ 26 വയസുള്ളപ്പോഴായിരുന്നു ഫറസ് ഫത്തമിയുടെ കന്നിയങ്കം. എന്നാല്‍ അതില്‍ ബിജെപിയുടെ അശോക് കുമാര്‍ യാദവിനോട് കേവലം 28 വോട്ടിന് പരാജയപ്പെട്ടു. എന്നാല്‍ ഇതേ സീറ്റില്‍ 2015ല്‍ വിജയിക്കുകയായിരുന്നു. 2020ല്‍ ഫറസ് ഫത്തമിയും ആര്‍ജെഡി വിടുകയും ജെഡിയുവില്‍ ചേരുകയും ചെയ്‌തിരുന്നു.