ന്യൂഡല്‍ഹി : ഗ്യാന്‍വാപിയില്‍ പൂജ നടത്തുന്നതിന് ഹിന്ദു വിശ്വാസികള്‍ക്ക് അനുമതി നല്‍കിയ കോടതി വിധി ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. ജനുവരി 17, 31 തീയതികളില്‍ വാരണാസി ജില്ല കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ക്കെതിരെ ഫയല്‍ ചെയ്‌ത ഹര്‍ജിയാണ് അലഹബാദ് കോടതി തള്ളിയത്. ഇതോടെ ഗ്യാന്‍വാപി സമുച്ചയത്തിലെ വ്യാസ് തെഹ്‌ഖാനയില്‍ നടന്നുകൊണ്ടിരിക്കുന്ന പൂജ തുടരാം (Pooja in Gyanvapi).
വാരണാസിയിലെ ഗ്യാന്‍വാപി മസ്‌ജിദുമായി ബന്ധപ്പെട്ട അഞ്ജുമാന്‍ ഇന്‍റസാമിയ മസ്‌ജിദ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്‍റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസിലെ മുഴുവന്‍ രേഖകളും പരിശോധിക്കുകയും ബന്ധപ്പെട്ട കക്ഷികളുടെ വാദങ്ങള്‍ പരിഗണിക്കുകയും ചെയ്‌താണ് ജനുവരി 17ന് വാരണാസി ജില്ല കോടതി വിധി പ്രസ്‌താവിച്ചത്. പ്രസ്‌തുത വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് ഒരു കാരണവും കണ്ടെത്താനായില്ലെന്ന് ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ നിരീക്ഷിച്ചു.
ഗ്യാന്‍വാപിയിലെ വ്യാസ് തെഹ്‌ഖാനയില്‍ ഹൈന്ദവ വിശ്വാസികള്‍ പൂജ നടത്തുന്നതിനെതിരെ അഞ്ജുമാന്‍ ഇന്‍റസാമിയ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതായും തെഹ്‌ഖാനയില്‍ (നിലവറ) പൂജ തുടരുമെന്നും ഹിന്ദു പക്ഷത്തിനായി ഹാജരായ അഭിഭാഷകന്‍ വിഷ്‌ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. പ്രസ്‌തുത വിഷയത്തില്‍ അഞ്ജുമാന്‍ ഇന്‍റസാമിയ ഇനി സുപ്രീം കോടതിയെ സമീപിക്കുകയാണെങ്കില്‍ തങ്ങള്‍ കേവിറ്റ് ഫയല്‍ ചെയ്യുമെന്നും വിഷ്‌ണു ശങ്കര്‍ ജെയിന്‍ വ്യക്തമാക്കി. അതേസമയം ഹര്‍ജി ഹൈക്കോടതി തള്ളിയത് സനാതന ധര്‍മത്തിന്‍റെ വിജയമാണെന്ന് അഭിഭാഷകന്‍ പ്രഭാഷ് പാണ്ഡെ പറഞ്ഞു. ജില്ല കലക്‌ടര്‍ തെഹ്‌ഖാനയുടെ റിസീവറായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്യാന്‍വാപി സമുച്ചയത്തില്‍ നാല് തെഹ്‌ഖാനകളാണ് ഉള്ളത്. അതില്‍ ഒരെണ്ണം ഇപ്പോഴും അവിടെ താമസിച്ചിരുന്ന വ്യാസ് കുടുംബത്തിന്‍റെ കൈവശമാണ്. അതേസമയം ഗ്യാന്‍വാപിയില്‍ പൂജ നടത്താന്‍ ഹൈന്ദവ വിശ്വാസികളെ അനുവദിച്ചുകൊണ്ട് വാരണാസി കോടതി ഉത്തരവ് വന്നപ്പോള്‍ ഇതിനെതിരെ പ്രതികരിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) പ്രസിഡന്‍റ് അസദുദ്ദീന്‍ ഒവൈസി രംഗത്തുവന്നിരുന്നു.