ലഖ്‌നൗ (ഉത്തർപ്രദേശ്): ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. ഇഡി, സിബിഐ റെയ്‌ഡുകൾ ദുരുപയോഗം ചെയ്‌തുകൊണ്ട് ബിജെപി കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു (BJP Engaged In Extortion By Misusing ED And CBI Raids: Akhilesh Yadav On Electoral Bonds).
സംഭാവനയുടെ മറവിൽ ബിജെപി കൊള്ളയടിക്കുകയാണെന്നും കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം വിമർശിച്ചു. അനീതി, അതിക്രമങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നിവ കാരണം പൊതുജനങ്ങൾ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്നും ഭരണഘടന സ്ഥാപനങ്ങൾ ബിജെപി ദുരുപയോഗം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനെയും സംഭാവനകൾ ലഭിക്കാന്‍ ബിജെപി സർക്കാർ ഉപയോഗിച്ചു എന്നും ഇത് പിന്നീട് അന്വേഷണങ്ങൾ നിർത്തിവയ്ക്കാൻ ഇടയാക്കിയെന്നും യാദവ് ആരോപിച്ചു. സർക്കാർ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നെന്നും തൽഫലമായി ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുകിട വ്യവസായികൾക്കല്ല വായ്‌പ നൽകുന്നതെന്നും അതേസമയം 15 ലക്ഷം കോടി വൻകിട വ്യവസായികൾക്ക് സർക്കാർ ഇളവ് നൽകിയെന്നും അദ്ദേഹം പ്രതികരിച്ചു.
ALSO READ:'മോദി സർക്കാർ കൊളളയടിക്കാർ'; ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ ആരോപണങ്ങളുമായി കോണ്‍ഗ്രസ്
ബിജെപി സർക്കാർ ഇഡിയേയും സിബിഐയേയും അയയ്‌ക്കുകയും സംഭാവനകൾ ശേഖരിക്കുകയും തുടർന്ന് അന്വേഷണങ്ങൾ തടസപ്പെടുത്തുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. ഇലക്‌ടറൽ ബോണ്ടുകൾ പണം കൊള്ളയടിക്കാനുള്ള ഒരു മാർഗമല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.