ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര.(Rameshwaram Cafe blast case) സ്ഫോടനത്തിന് ശേഷം പ്രതി വസ്‌ത്രം മാറിയ ശേഷം ബസിൽ യാത്ര ചെയ്‌തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചുവെന്ന് പരമേശ്വര പറഞ്ഞു. ജില്ലാ ആസ്ഥാനമായ തുമാകുരു നഗരത്തിലേക്കാണ് ഇയാള്‍ യാത്ര ചെയ്‌തത്. ബല്ലാരി വരെയുള്ള ഇയാളുടെ യാത്ര അന്വേഷണ സംഘം ട്രാക്ക് ചെയ്‌തതായും ആഭ്യന്തര മന്ത്രി അറിയിച്ചു. ചില വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാനാവില്ലെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, ഫുൾകൈ ഷർട്ടും തൊപ്പിയും മാസ്‌കും കണ്ണടയും ധരിച്ച് ബസ്സിൽ സഞ്ചരിക്കുന്ന പ്രതിയുടെ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസിലെ ക്യാമറ ശ്രദ്ധയിൽപ്പെട്ട പ്രതി ക്യാമറയില്‍ പെടാത്ത ഭാഗത്തേക്ക് നീങ്ങി നില്‍ക്കുന്നത് ദൃശ്യത്തിലുണ്ട്. കൂടാതെ പ്രതിയുടേതെന്ന തരത്തില്‍ മാസ്‌ക് ധരിക്കാത്ത ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രതിയുടെ ചിത്രം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഈസ്റ്റ് ബെംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ മാര്‍ച്ച് ഒന്നിനാണ് സ്ഫോടനമുണ്ടാകുന്നത്. സംഭവത്തില്‍ 9 പേർക്ക് പരിക്കേറ്റിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയും ബെംഗളൂരു പൊലീസിന്‍റെ സെൻട്രൽ ക്രൈം ബ്രാഞ്ചുമാണ് കേസ് അന്വേഷിക്കുന്നത്.
Also Read : രാമേശ്വരം കഫേ സ്ഫോടനക്കേസ്; തുമാകൂര്‍, ബല്ലാരി പ്രദേശങ്ങളില്‍ അന്വേഷണ സംഘത്തിന്‍റെ പരിശോധന