ന്യൂഡൽഹി : തൊഴിൽ തട്ടിപ്പിന് ഇരയായ എട്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി യാങ്കൂണിലെ ഇന്ത്യൻ എംബസി. മ്യാൻമറിലെ മ്യാവഡിയിലെ എച്ച്‌പാ ലു മേഖലയിലാണ് സംഭവം. ജോലി അന്വേഷിക്കുന്ന ഇന്ത്യൻ പൗരന്മാർ വ്യാജമോ നിയമവിരുദ്ധമോ ആയ തൊഴിലിലേക്ക് ആകർഷിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എംബസി അറിയിച്ചു.
'മ്യാവഡിയിലെ എച്ച്‌പാ ലുവിലെ വ്യാജ തൊഴില്‍ കേന്ദ്രത്തില്‍ ഇരകളായ 8 ഇന്ത്യൻ പൗരന്മാരെ ഇന്നലെ രക്ഷപ്പെടുത്തി സുരക്ഷിതമായി മ്യാൻമർ പൊലീസില്‍/ഇമിഗ്രേഷനിൽ ഏൽപ്പിച്ചു' എംബസി എക്‌സിൽ പോസ്റ്റ് ചെയ്‌തു. മ്യാൻമർ അധികാരികളുടെ പിന്തുണയും പ്രാദേശിക സഹായവും നിർണായകമായിരുന്നു. വ്യാജ തൊഴിൽ റാക്കറ്റുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ശക്തമായി ആവർത്തിക്കുന്നതായും കൂട്ടിചേര്‍ത്തു.
മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിലെ മ്യാവഡി മേഖലയിൽ സജീവമായ അന്താരാഷ്‌ട്ര ക്രൈം സിൻഡിക്കേറ്റുകൾക്ക് ഇന്ത്യൻ പൗരന്മാർ ഇരകളാകുന്ന സംഭവങ്ങൾ വർധിച്ചതായി എംബസി അറിയിച്ചു. അതാത് ഇന്ത്യൻ എംബസികളുമായി കൂടിയാലോചിക്കാതെ അത്തരം ജോലി വാഗ്‌ദാനങ്ങളൊന്നും സ്വീകരിക്കരുത്.
ഇന്ത്യൻ എംബസി വഴി വിദേശ തൊഴിലുടമകളുടെ ക്രെഡൻഷ്യലുകൾ പരിശോധിക്കുക. കൂടാതെ സോഷ്യൽ മീഡിയ വഴിയുള്ള ജോലി വാഗ്‌ദാനങ്ങൾ ഏറ്റെടുക്കരുതെന്നും എംബസി ഇന്ത്യക്കാരോട് അഭ്യർഥിച്ചു.
ALSO READ: മലേഷ്യയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടി ; സുഹൃത്തിനെതിരെ പരാതി