അൽവാർ (രാജസ്ഥാൻ): സരിസ്‌ക ടൈഗർ റിസർവിൽ നിന്നുള്ള കടുവ വീണ്ടും ഹരിയാനയിലേക്ക്. മൂന്ന് വയസുള്ള എസ്‌ടി-2303 എന്ന ആൺകടുവയാണ് ബഫർ റേഞ്ച് കടന്ന് 100 കിലോമീറ്റർ സഞ്ചരിച്ച് ഹരിയാനയിലെ രേവാരി ജില്ലയിലെ വനമേഖലയിൽ എത്തിയത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്‌ടി-2303 രാജസ്ഥാനിലെ അൽവാർ മേഖലയിൽ നിന്ന് ഹരിയാനയിലേക്ക് പോകുന്നത്.
ഒരു വയസിന് മുകളിൽ പ്രായമുള്ള മൂന്ന് കടുവകൾ ഉൾപ്പെടെ നാല് കടുവകളാണ് സരിസ്‌കയിലെ അൽവാർ ബഫർ റേഞ്ചിലുള്ളത്. കടുവകളുടെ എണ്ണം കൂടുന്നതനുസരിച്ച് അവയ്‌ക്ക് വേട്ടയാടാനും വിഹരിക്കാനുമുള്ള സ്ഥലം (ടെറിട്ടറി) കുറയുന്നതിനാലാകാം അതിർത്തി കടക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ഏഴ് മാസം മുമ്പ് എസ്‌ടി-2303 സരിസ്‌കയിൽ നിന്ന് ഖൈർതാൽ, കിഷൻഗഡ്‌ബാസ്, തിജാര, തപുക്‌ദ, ഭിവാദി എന്നീ പ്രദേശങ്ങൾ വഴി ഹരിയാനയിലെ റെവാരി വനമേഖലയിൽ എത്തിയിരുന്നു. അന്ന് വനംവകുപ്പ് ജീവനക്കാർ കടുവയ്‌ക്കായി ഏറെ നേരം തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കുറച്ച് നാൾ കഴിഞ്ഞ് എസ്‌ടി-2303 തിരികെ സരിസ്‌കയിൽ എത്തിയിരുന്നു.
അതേസമയം അഞ്ച് ദിവസം മുമ്പ്, ടൈഗർ എസ്‌ടി-2303 വീണ്ടും സരിസ്‌ക അതിർത്തി കടന്ന് 100 കിലോമീറ്റർ സഞ്ചരിച്ച് ഹരിയാനയിലെ റെവാരി ജില്ലയിൽ എത്തി. കടുവയെ ട്രാക്ക് ചെയ്യുന്നതിനായി വനപാലകരുടെ 10 സംഘത്തെ വിന്യസിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. കടുവ രാത്രിയിൽ യാത്ര ചെയ്യുന്നതിനാലാകാം അതിനെ കണ്ടെത്താൻ കഴിയാത്തെതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മാത്രമല്ല ഇത്തവണ കടുവ ഹരിയാനയിലേക്ക് മറ്റൊരു വഴിയാണ് പോയതെന്നും അവർ കൂട്ടിച്ചേർത്തു.
എസ്‌ടി-2303 എന്ന കടുവ ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഹരിയാനയിലെ റെവാരി ജില്ലയിലെ വനമേഖലയിൽ എത്തുന്നതെന്ന് സരിസ്‌കയിലെ അൽവാർ ബഫർ റേഞ്ചിലെ ഫോറസ്‌റ്റ് റേഞ്ചർ ശങ്കർ സിങ് ഷെഖാവത്ത് പറഞ്ഞു. ഹരിയാനയിലെ സാബി നദിക്ക് സമീപം കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. ഇതിനെ ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണെന്നും ഷെഖാവത്ത് വ്യക്തമാക്കി.
കടുവയുടെ യാത്ര രാത്രിയിലാണെന്നും അതി വേഗത്തിലാണ് അത് സഞ്ചരിക്കുന്നതെന്നും ജയ്‌പൂരിലെ വന്യജീവി ഡോക്‌ടർ അരവിന്ദ് മാത്തൂർ പറഞ്ഞു. പകൽസമയങ്ങളിൽ ഇത് കാടുകളിലും വയലുകളിലും മറഞ്ഞിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻടിസിഎ മാർഗനിർദേശങ്ങൾ അനുസരിച്ച് കടുവയെ എത്രയും വേഗം സുരക്ഷിതമായ ആവാസ വ്യവസ്ഥയിലേക്ക് വിടാൻ ശ്രമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Also Read: ദേശീയപാതയിൽ പിൻകാലിന് പരിക്കേറ്റ നിലയിൽ പുലി; വാഹനമിടിച്ചതെന്ന് സംശയം - വീഡിയോ