ന്യൂഡല്‍ഹി : ഡല്‍ഹി വനിത കമ്മിഷനിലെ 223 ജീവനക്കാരെ വിവിധ പദവികളില്‍ നിന്നായി നീക്കി. ഡല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ ആയിരുന്ന സ്വാതി മലിവാള്‍ ചട്ടവിരുദ്ധമായി നിയമനം നടത്തി എന്നാരോപിച്ചാണ് ജീവനക്കാരെ അടിയന്തരമായി പിരിച്ചുവിട്ടത്. ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേനയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
ഡല്‍ഹി വനിത കമ്മിഷന്‍ മുന്‍ അധ്യക്ഷ സ്വാതി മലിവാളിനെ ജനുവരിയില്‍ ആം ആദ്‌മി പാര്‍ട്ടി രാജ്യസഭയിലേക്ക് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വാതി മലിവാള്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. സ്വാതി അധ്യക്ഷയായിരുന്ന സമയത്ത് ചട്ടങ്ങള്‍ അവഗണിച്ചാണ് ജീവനക്കാരെ നിയമിച്ചത് എന്നാണ് ആരോപണം.