ഹൈദരാബാദ്: ഇന്ത്യയിൽ ബാറ്ററി ഇലക്ട്രിക് എഞ്ചിനും ഐസിഇ എഞ്ചിനും സംയോജിപ്പിച്ച് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള എഞ്ചിൻ ഓപ്ഷനുകൾ കൊണ്ടുവരുന്നതിനായി തങ്ങൾ പ്രവർത്തിക്കുകയാണെന്ന് സ്കോഡ ഓട്ടോ ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ സിഎൻജി സാങ്കേതികവിദ്യ കൂടി അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ.
ഉയർന്ന പവർ ഉള്ള കുറഞ്ഞ ഇന്ധനം ഉപയോഗിക്കുന്നതാണ് ടിഎസ്‌ഐ എഞ്ചിൻ. സിഎൻജി കാറിൽ 1.0 ലിറ്റർ ടിഎസ്‌ഐ എഞ്ചിൻ ഉപയോഗിക്കുന്ന കാര്യം സ്‌കോഡ പരിഗണിക്കുന്നുണ്ട്. യൂറോപ്യൻ വിപണികളിൽ സിഎൻജി ടെക്‌നോളജിയിൽ ടിഎസ്ഐ എഞ്ചിൻ സ്കോഡ ഇതിനകം തന്നെ ഉപയോഗിച്ചിട്ടുണ്ട്.
നിലവിൽ സ്‌കോഡയ്‌ക്ക് 1.0 ലിറ്റർ, 1.5 ലിറ്റർ ടിഎസ്‌ഐ എഞ്ചിനുകൾ ഉണ്ട്. 1.0 ലിറ്റർ ടിഎസ്‌ഐ എഞ്ചിൻ പൂർണമായും പ്രാദേശികവത്ക്കരിക്കപ്പെട്ടതാണെങ്കിലും, 1.5 ലിറ്റർ എഞ്ചിനിൽ കൂടുതലായും ഇറക്കുമതി ചെയ്‌ത ഭാഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. സ്‌കോഡയുടെ ജി-ടെക് സിഎൻജി ടെക്‌നോളജിയിൽ പ്രവർത്തിക്കുന്ന സ്‌കാല, സിറ്റിഗോ കോംപാക്റ്റ് ഹാച്ച്‌ബാക്ക് തുടങ്ങിയ മോഡലുകൾ യൂറോപ്യൻ വിപണികളിൽ ലഭ്യമാണ്.
സിഎൻജിയിൽ പ്രവർത്തിക്കുന്ന സ്‌കോഡ കുഷാക്ക് ഇന്ത്യയിൽ പരീക്ഷണം നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് പിന്നീട് കൂടുതൽ വെളിപ്പെടുത്തലുകൾ ഒന്നും ഉണ്ടായിട്ടില്ല. സ്‌കോഡ കുഷാക്കിന്‍റെ സിഎൻജി വേരിയന്‍റിനായി ഡിമാൻഡ് ഉണ്ടായാൽ മാത്രമേ ഭാവിയിൽ പുറത്തിറക്കൂ എന്നാണ് സ്‌കോഡ പറയുന്നത്.
Also Read: ഇത് ഥാർ റോക്‌സ് ഇഫക്‌റ്റ് !! കച്ചവടം പൊടിപൊടിക്കുന്നു; രണ്ട് ലക്ഷം പിന്നിട്ട് ഥാർ വിൽപ്പന