ഹൈദരാബാദ്: വൺപ്ലസ് പാഡുകൾക്കായി ഓക്‌സിജൻ ഒഎസ് 15 സ്റ്റേബിൾ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് വൺപ്ലസ് പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച വൺപ്ലസ് കമ്മ്യൂണിറ്റി ഫോറം വഴിയാണ് ഇക്കാര്യം അറിയിച്ചത്. ആൻഡ്രോയ്‌ഡ് 15നെ അടിസ്ഥാനമാക്കിയുള്ള നിരവധി എഐ ഫീച്ചറുകളും ഫ്ലക്‌സ് തീം ഫീച്ചറുമായാണ് പുതിയ അപ്‌ഡേഷൻ വരുന്നത്.
എഐ റിഫ്ലക്ഷൻസ് ഇറേസർ, എഐ റൈറ്റിങ് സ്യൂട്ടുകൾ, എഐ പ്രൊഡക്‌റ്റിവിറ്റി ടൂൾസ്, കൂടുതൽ മെച്ചപ്പെട്ട ആനിമേഷനുകൾ, ഫ്ലക്‌സ് തീമുകൾ, ലുമിനസ് റെൻഡറിങ് ഇഫക്റ്റുകൾ തുടങ്ങിയവയാണ് ഓക്‌സിജൻ ഒഎസ് 15ൽ ഫീച്ചർ ചെയ്യുന്നത്. ഫോട്ടോയെടുക്കുമ്പോൾ ഗ്ലാസ് പ്രതലങ്ങളിൽ തട്ടുമ്പോഴുള്ള പ്രതിഫലനം വഴിയുണ്ടാകുന്ന ഫോട്ടോയിലെ അടയാളം കളയാൻ സഹായിക്കുന്നതാണ് എഐ റിഫ്ലക്ഷൻസ് ഇറേസർ.
കമ്മ്യൂണിറ്റി പോസ്റ്റ് വഴിയാണ് വൺപ്ലസ് വരാനിരിക്കുന്ന അപ്‌ഡേറ്റിൻ്റെ സവിശേഷതകൾ പങ്കുവെച്ചത്. ഇന്ത്യയിലെ വൺപ്ലസ് പാഡ് ഉപയോക്താക്കൾക്കായി ഇതിനകം തന്നെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയതായും കമ്പനി പറയുന്നു. അടുത്ത ആഴ്‌ച മുതൽ അപ്‌ഡേറ്റ് വടക്കേ അമേരിക്ക, യൂറോപ്പ് മേഖലകളിലും ലഭ്യമാകും.
ഓക്‌സിജൻ ഒഎസ് 15 അപ്‌ഡേറ്റിൽ ലഭ്യമാവുന്ന ഫീച്ചറുകൾ:
1. വിഷ്വൽ എൻഹാൻസ്‌മെൻ്റുകൾ:
പുതിയ അപ്‌ഡേറ്റ് ലഭിക്കുന്നതോടെ വൺപ്ലസ് പാഡിന്‍റെ യൂസർ ഇൻ്റർഫേസിൽ ഒരു വിഷ്വൽ എൻഹാൻസ്‌മെൻ്റ് ലഭ്യമാകും. ഹോം, ലോക്ക് സ്‌ക്രീൻ കസ്റ്റമൈസേഷൻ ഓപ്‌ഷനുകളുള്ള ഫ്ലക്‌സ് തീമുകൾ, ഹോം സ്‌ക്രീനിന് അവ്യക്തമായ വാൾപേപ്പറുകൾ തുടങ്ങിയ ഫീച്ചറുകളാവും ലഭ്യമാവുക. എഐ ഡെപ്‌ത് ഇഫക്‌റ്റുകൾ, എഐ ഓട്ടോഫില്ലുകൾ, ക്ലോക്ക് കളർ ബ്ലെൻഡിങ്, ഗ്ലാസ് ടെക്‌സ്‌ച്ചറുകൾ ഉൾപ്പെടെയുള്ള ഫീച്ചറുകളടങ്ങുന്നതായിരിക്കും ലോക്ക് സ്‌ക്രീൻ കസ്റ്റമൈസേഷൻ.
2. എഐ ഫീച്ചറുകൾ:
നിരവധി എഐ ഫീച്ചറുകളടങ്ങുന്നതാണ് പുതിയ അപ്‌ഡേറ്റ്. കണ്ടന്‍റുകളെ കൃത്യമായ ഫോർമാറ്റിലും ഓർഡറിലും എഴുതാൻ സഹായിക്കുന്ന എഐ റൈറ്റിങ് സ്യൂട്ട് ഫീച്ചർ ഓക്‌സിജൻ ഒഎസ് 15 അപ്‌ഡേറ്റിൽ നൽകിയിട്ടുണ്ട്. വോയിസ് നോട്ടുകളാക്കുന്ന സമയത്ത് ഒറിജിനൽ ഓഡിയോയുടെ അർത്ഥം ചോരാതെ തന്നെ പ്രാദേശിക ഭാഷയെ മാറ്റി കൂടുതൽ കൃത്യമായ രീതിയിലാക്കുന്ന ക്ലീനപ്പ് ഫീച്ചറും അപ്‌ഡേറ്റിനൊപ്പം ലഭ്യമാവും. മിറർ സെൽഫികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി എഐ റിഫ്ലക്ഷൻസ് റിമൂവർ ഫീച്ചറും ഈ അപ്‌ഡേറ്റിൽ ലഭ്യമാവും. ഫോട്ടോയെടുക്കുമ്പോൾ ഗ്ലാസ് പ്രതലങ്ങളിൽ തട്ടുമ്പോഴുള്ള പ്രതിഫലനം ഫോട്ടോകളിൽ നിന്നും ഒഴിവാക്കുന്നതാണ് ഈ ഫീച്ചർ.
3. ലൈവ് അലർട്ടുകൾ:
വൺപ്ലസ് പാഡിലെ ലൈവ് അലർട്ടുകളെ ദൃശ്യപരമായി കൂടുതൽ മികവുറ്റതാക്കുന്നതാണ് ഈ അപ്‌ഡേറ്റ്. അലർട്ടുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ തന്നെ പുതിയ ആനിമേഷനിലും ഡിസെനിലുമുള്ള ടാബിലേക്കാണ് ഉപയോക്താക്കൾ എത്തിച്ചേരുക. പുതിയ അപ്‌ഡേഷൻ വരുന്നതോടെ ഈ ഫീച്ചർ ലഭ്യമാവും.
4. ക്യാമറ ആപ്പും ഫിൽട്ടറുകളും:
ക്യാമറ ആപ്പും ഫിൽട്ടറുകളും തമ്മിൽ കൂടുതൽ ഏകീകരണമുള്ള രീതിയിലാണ് പുതിയ അപ്‌ഡേഷനിൽ ക്രമീകരിച്ചിരിക്കുന്നത്. അതായത്, മുൻപ് നിങ്ങൾ എഡിറ്റ് ചെയ്‌ത ഫോട്ടോകളിലെ അതേ ഫിൽട്ടറുകളും മറ്റ് ടൂളുകളും പുതിയ ഫോട്ടോയിൽ താനേ ചേർക്കുന്ന ഫീച്ചറും അപ്‌ഡേറ്റിൽ ലഭിക്കും.
5. ചാർജിങ് ലിമിറ്റ് ഫീച്ചർ:
ഈ അപ്‌ഡേഷനിൽ ലഭ്യമാകുന്ന മറ്റൊരു ഫീച്ചറാണ് ചാർജിങ് ലിമിറ്റ് ഫീച്ചർ. ഇത് ഉപകരണത്തിന്‍റെ ബാറ്ററിക്ക് കൂടുതൽ കാലം ആയുസ് നൽകുന്ന തരത്തിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഉപകരണം ചാർജ് ചെയ്യുമ്പോൾ പരമാവധി ചാർജിങ് 80 ശതമാനമായി പരിമിതപ്പെടുത്തുന്നതാണ് ഈ ഫീച്ചർ.
പുതിയ അപ്‌ഡേറ്റ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?
- ഉപകരണത്തിന്‍റെ സെറ്റിങ്സ് തുറക്കുക
- തുടർന്ന് 'എബൗട്ട് ഡിവൈസ്' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
- സിസ്റ്റം അപ്‌ഡേറ്റ് ക്ലിക്ക് ചെയ്യുക
- തുടർന്ന് മുകളിൽ വലതുവശത്തായി കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌ത് 'ലോക്കൽ ഇൻസ്റ്റാൾ' ഓപ്‌ഷൻ തെരഞ്ഞെടുക്കുക.