ഹൈദരാബാദ്: ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ ബിഎംഡബ്ല്യു എം2 കൂപ്പെയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 1.03 കോടി രൂപ(എക്‌സ്-ഷോറൂം) പ്രാരംഭ വിലയിലാണ് കമ്പനി ഈ കാർ പുറത്തിറക്കിയിരിക്കുന്നത്. കൂടുതൽ പവറോടെ, ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതുക്കിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ കളർ ഓപ്ഷനുകളിലും ബിഎംഡബ്ല്യു എം2 പുതിയ എഡിഷൻ ലഭ്യമാവും. കൂടാതെ വാഹനത്തിൽ കൂടുതൽ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയതായും കമ്പനി പറയുന്നുണ്ട്. ബിഎംഡബ്ല്യുവിൻ്റെ എം ഡിവിഷനിൽ പുതിയ മോഡലിൽ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പവറും പ്രകടനവും വർധിപ്പിച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിൻ്റെ ടർബോചാർജ്‌ഡ് 3.0 ലിറ്റർ സ്‌ട്രെയിറ്റ് സിക്‌സ് പെട്രോൾ എഞ്ചിനാണ് കാറിന് കരുത്തേകുന്നത്.
പുതിയ മോഡലിലെ എഞ്ചിൻ 480 എച്ച്പി പവർ ഉത്പാദിപ്പിക്കും. ഇത് മുൻ മോഡലിനേക്കാൾ 20 എച്ച്പി കൂടുതലാണ്. കൂടാതെ ബിഎംഡബ്ല്യു എം2 പുതിയ പതിപ്പിലെഎഞ്ചിൻ 2,650-6,130 ആർപിഎമ്മിൽ 600Nm ടോർക്ക് നൽകുന്നു. ഇത് മുൻ മോഡലിനേക്കാൾ 50Nm കൂടുതലാണ്. പുതിയ എഞ്ചിനിലേക്ക് 8-സ്‌പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ചേർത്തിട്ടുണ്ട്. അതിനാൽ തന്നെ 4 സെക്കൻഡിനുള്ളിൽ തന്നെ 0-100kph വേഗത കൈവരിക്കാൻ പുതിയ കാറിനാവും.
ഓപ്ഷണൽ 6-സ്‌പീഡ് മാനുവൽ മോഡൽ 4.2 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സഹായിക്കും. കാറിൻ്റെ പരമാവധി വേഗത 250kph ആണ്. എന്നാൽ ഓപ്ഷണൽ എം ഡ്രൈവർ പാക്കേജ് ഉപയോഗിച്ച് ഇത് 285kph വരെ വർധിപ്പിക്കാനാകും.
ബിഎംഡബ്ല്യു എം2 കൂപ്പെയുടെ പുതിയ പതിപ്പിന്‍റെ ഡിസൈൻ പരിശോധിക്കുമ്പോൾ, കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും ഇന്‍റീരിയറിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഓപ്ഷണൽ അൽകൻ്റാര ഫിനിഷുള്ള ഒരു പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ പുതിയ മോഡലിൽ ഇൻസ്റ്റാൾ ചെയ്‌തതായി കാണാനാകും. കൂടാതെ നവീകരിച്ച മോഡലിന് ഏറ്റവും പുതിയ ഐഡ്രൈവ് സിസ്റ്റവും പുതിയ ഡിജിറ്റൽ ഓപ്പറേറ്റിങ് സിസ്റ്റവും നൽകിയിട്ടുണ്ട്.
സ്റ്റാൻഡേർഡ് എം വീലുകൾക്ക് ബ്ലാക്ക് ഫിനിഷുള്ള ഡബിൾ സ്‌പോക്ക് ഡിസൈനാണ് നൽകിയിരിക്കുന്നത്. നവീകരിച്ച പതിപ്പിന്‍റെ ചക്രങ്ങൾ സിൽവർ ഫിനിഷോടുകൂടിയ ഓപ്‌ഷനിലും ലഭ്യമാണ്. നിരവധി കളർ ഓപ്‌ഷനുകൾ പുതുതായി ഇറങ്ങിയ ബിഎംഡബ്ല്യു എം2 മോഡലിന് നൽകിയിട്ടുണ്ട്. സാവോ പോളോ യെല്ലോ, ഫയർ റെഡ്, പോർട്ടിമാവോ ബ്ലൂ, സ്കൈസ്‌ക്രാപ്പർ ഗ്രേ എന്നിവ ഉൾപ്പെടെ നിരവധി കളർ ഓപ്ഷനുകളിൽ ഇപ്പോൾ കാർ ലഭ്യമാണ്. പുതിയ മോഡലിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളില്ലെങ്കിലും, മെഴ്‌സിഡസിന്‍റെ എഎംജി A 45 S ഹാച്ച്ബാക്കിനോടായിരിക്കും വിപണിയിൽ മത്സരിക്കുക.