ഹൈദരാബാദ്: ലോകത്തിലെ ആദ്യ സിഎൻജി ബൈക്കായ ഫ്രീഡം 125 NG04 പുറത്തിറക്കിയതിന് പിന്നാലെ സിഎൻജി ശ്രേണി വിപുലീകരിക്കാനൊരുങ്ങി ആഭ്യന്തര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ. കമ്പനി ഇപ്പോൾ പുതിയ സിഎൻജി മോട്ടോർസൈക്കിൾ വികസിപ്പിക്കുന്നതായാണ് വിവരം. എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ പുറത്തിറക്കാനും ബജാജ് പദ്ധതിയിടുന്നുണ്ട്.
സിഎൻബിസി ടിവി18 ന് നൽകിയ അഭിമുഖത്തിലാണ് ബജാജ് ഓട്ടോ സിഇഒ രാജീവ് ബജാജ് ഇക്കാര്യം സ്ഥിരീകരിച്ചത്. 100സിസി സെഗ്‌മെൻ്റിലായിരിക്കും ബജാജ് പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കുക എന്നാണ് സൂചന. എൻട്രി ലെവൽ കമ്മ്യൂട്ടർ സെഗ്‌മെൻ്റിൽ നിലവിൽ ഹീറോ സ്‌പ്ലെൻഡർ ആധിപത്യം പുലർത്തുമ്പോൾ ബജാജിന്‍റെ 100 സിസി സിഎൻജി മോട്ടോർസൈക്കിൾ പുറത്തിറക്കിയാൽ അത് ഹീറോയ്‌ക്ക് വലിയ വെല്ലുവിളിയാവും.
ബജാജ് ഫ്രീഡം 125 NG04:
അടുത്തിടെയാണ് ബജാജ് ഓട്ടോ ലോകത്തിലെ ആദ്യ സിഎൻജി ബൈക്കായ ഫ്രീഡം 125 NG04 പുറത്തിറക്കിയത്. പുതിയ മോഡലിൽ ഒരേ സമയം രണ്ട് കിലോ സിഎൻജിയും രണ്ട് ലിറ്റർ പെട്രോളും നിറയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വിപണിയിലെത്തിയ ഉടൻ തന്നെ നിരവധി പേർ വാഹനം ബുക്ക് ചെയ്‌തതായാണ് വിവരം. ഫ്രീഡം 125 NG04ന്‍റെ കൂടുതൽ സവിശേഷതകൾ അറിയാം.
ഫ്രീഡം 125 ബൈക്ക് ഡിസൈൻ ചെയ്‌തിരിക്കുന്നത് രണ്ട് കിലോ സിഎൻജി മോഡിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാനും രണ്ട് ലിറ്റർ പെട്രോളിൽ 330 കിലോമീറ്റർ വരെ സഞ്ചരിക്കാനും കഴിയുന്ന വിധത്തിലാണ്. 125 സിസിയുടെ ബൈക്ക് ഓടിക്കുന്നതിന്‍റെ പകുതി ചെലവ് മാത്രമേ ഫ്രീഡം 125ന് ആവശ്യമുള്ളുവെന്നും ബജാജ് അവകാശപ്പെടുന്നു. നിലവിൽ ബൈക്കിന്‍റെ ബുക്കിങ് തകൃതിയായി നടക്കുന്നതായാണ് കമ്പനി അവകാശപ്പെടുന്നത്.
കൂടാതെ ലോഞ്ച് ചെയ്‌ത ആദ്യ ആഴ്‌ചയിൽ തന്നെ 30,000-ത്തിലധികം ആളുകൾ ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ച് ഷോറൂം സന്ദർശിച്ചിട്ടുണ്ട്. വെറും ഒരാഴ്‌ച കൊണ്ട് 6,000 ബുക്കിങ് നടന്നതായും ബജാജ് പറയുന്നു. പുറത്തിറക്കിയ സമയത്ത് മഹാരാഷ്ട്രയിലും ഗുജറാത്തിലും മാത്രമേ ലഭ്യമായിരുന്നുള്ളുവെങ്കിലും നിലവിൽ ഇന്ത്യയിലുടനീളമുള്ള 77 പട്ടണങ്ങളിൽ ഫ്രീഡം 125 ലഭ്യമാക്കും.
ഫീച്ചറുകൾ:
- സിംഗിൾ പീസ് സീറ്റ്
- സീറ്റിനടിയിൽ ഘടിപ്പിച്ച സിഎൻജി ടാങ്ക്
- 125 എംഎം ടെലിസ്‌കോപിക് ഫ്രണ്ട് സസ്പെൻഷൻ, 120 എംഎം മോണോഷോപ്പ് ബാക്ക് സസ്പെൻഷൻ
- എൽഇഡി ഹെഡ്‌ലൈറ്റ്
- ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ
- ബ്ലാക്ക് അലോയ് വീലുകൾ
- 5 കളർ ഓപ്‌ഷനുകൾ
- വില 95,000 മുതൽ 1.10 ലക്ഷം വരെ