ആപ്പിളിന്‍റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫിസറായി(സിഎഫ്‌ഒ) ഇന്ത്യൻ വംശജൻ കെവൻ പരേഖിനെ നിയമിച്ചു. നിലവിലെ സിഎഫ്‌ഒ ആയിരുന്ന ലൂക്ക മേസ്‌ത്രി സ്ഥാനമൊഴിയുന്നതിനാലാണ് കെവൻ പരേഖിനെ നിയമിക്കുന്നത്. 2025 ജനുവരി 1ന് ആയിരിക്കും ചുമതലയേൽക്കുക.
കഴിഞ്ഞ 11 വർഷമായി ആപ്പിളിൽ പ്രവർത്തിച്ചു വരുന്ന ആളാണ് കെവൻ പരേഖ്. ആപ്പിളിൻ്റെ ഫിനാൻസ് ടീമിലെ ഒഴിച്ചുകൂടാനാവാത്ത അംഗമാണ് പത്ത് വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന കെവൻ പരേഖ് എന്നും കമ്പനിയെ അകത്തും പുറത്തും മനസ്സിലാക്കുന്ന ആൾ കൂടിയാണ് അദ്ദേഹമെന്നും ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു. അദ്ദേഹത്തിന്‍റെ ബുദ്ധിയും സാമ്പത്തിക വൈദഗ്‌ദ്യവും ആപ്പിളിൻ്റെ സിഎഫ്ഒ സ്ഥാനത്തേക്കുള്ള യോഗ്യത കാണിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആപ്പിളിൽ ചേരുന്നതിന് മുമ്പ് കെവൻ പരേഖ് തോംസൺ റോയിട്ടേഴ്‌സിലും ജനറൽ മോട്ടോഴ്‌സിലും നേതൃനിരയിൽ ജോലി ചെയ്‌തിട്ടുണ്ട്. മിഷിഗൺ സർവ്വകലാശാലയിൽ നിന്ന് സയൻസിൽ ബിരുദവും ചിക്കാഗോ സർവ്വകലാശാലയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട് ഇലക്‌ട്രിക് എഞ്ചിനീയറായ കെവൻ പരേഖ്. നിലവിൽ ആപ്പിളിൽ ഫിനാൻഷ്യൽ പ്ലാനിങ് ആൻഡ് അനാലിസിസ്, ജി&എ, ബെനിഫിറ്റ്സ് ഫിനാൻസ്, ഇൻവെസ്റ്റർ റിലേഷൻസ്, മാർക്കറ്റ് റിസർച്ച് എന്നിവയ്ക്ക് നേതൃത്വം നൽകുകയാണ് പരേഖ്.
ആപ്പിളിന്‍റെ ഉത്‌പന്ന മാർക്കറ്റിങ്, ഇന്‍റർനെറ്റ് സെയിൽസ് ആൻഡ് സർവീസസ്, എഞ്ചിനീയറിങ് ടീമുകൾ എന്നിവയുടെ സാമ്പത്തിക സഹായത്തിന് നേതൃത്വം നൽകിയാണ് അദ്ദേഹം കമ്പനിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആപ്പിളിൻ്റെ ഇൻഫർമേഷൻ സിസ്റ്റം, സാങ്കേതികവിദ്യ, വിവര സുരക്ഷ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളെ ലൂക്ക മേസ്‌ത്രി തന്നെ തുടർന്നും നയിക്കുമെന്നും സിഇഒ അറിയിച്ചു.
ആപ്പിളിനെ വളർത്തിയെടുത്തതിലും സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിലും ഓഹരി ഉടമകളുമായി ഇടപഴകുന്നതിലും ലൂക്ക മേസ്‌ത്രി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. വരുമാനം അഞ്ചിരട്ടിയിലധികം വർധിപ്പിച്ചതിലും മേസ്‌ത്രിയുടെ പങ്ക് വലുതാണെന്ന് സിഇഒ പറഞ്ഞു.
Also Read: ഇന്ത്യയിൽ ഐഫോൺ ഉത്‌പാദനം വർധിപ്പിച്ച് ആപ്പിൾ: വരുന്നു ആറ് ലക്ഷത്തോളം തൊഴിലവസരങ്ങൾ