യൂട്യൂബറെ ഹണിട്രാപ്പിനിരയാക്കി, പണവും കാറും കവര്‍ന്നു ; യുവതികള്‍ അടക്കം 4 പേര്‍ അറസ്റ്റില്‍ - Akshaya Honey Trap

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 3, 2023, 10:40 PM IST

എറണാകുളം : മലപ്പുറം സ്വദേശിയായ യൂട്യൂബറെ ഹണി ട്രാപ്പിനിരയാക്കി പണവും കാറും കവര്‍ന്ന സംഘം അറസ്റ്റില്‍. രണ്ട് യുവതികള്‍ അടക്കം നാല് പേരാണ് പിടിയിലായത്. കൊല്ലം ചടയമംഗലം സ്വദേശി അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ സ്വദേശി അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. യൂട്യൂബിൽ നിന്നും ലഭിച്ച നമ്പർ വഴി അക്ഷയയാണ് യുവാവുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലായി. ഇതോടെ സുഖമില്ലാത്ത അനിയന് കൗൺസിലിങ് നല്‍കണമെന്ന് ആവശ്യപ്പെട്ട് അക്ഷയ യുവാവിനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് അക്ഷയ യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്‌ജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവച്ച് നല്‍കിയ പാനീയം കുടിച്ച് യുവാവ് ബോധരഹിതനാവുകയും ചെയ്‌തു. മയക്കം വിട്ടൊഴിഞ്ഞപ്പോള്‍ മുറിയില്‍ അക്ഷയയ്‌ക്ക് പകരം മറ്റൊരു പെണ്‍കുട്ടിയാണുണ്ടായിരുന്നതെന്ന് (ആതിര) യുവാവ് പറയുന്നു. അല്‍പ്പസമയത്തിന് ശേഷം അക്ഷയ അടക്കമുള്ള മറ്റ് മൂന്ന് പേര്‍ കൂടി മുറിയിലെത്തി. തുടര്‍ന്ന് യുവാവിനെ യുവതികള്‍ക്കൊപ്പം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തു. പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ യുവാവിന്‍റെ കൈവശം അത്രയും തുകയില്ലെന്ന് അറിയിച്ചതോടെ കൈയിലുണ്ടായിരുന്ന 10,000 രൂപ സംഘം തട്ടിയെടുക്കുകയും ഇയാളുടെ കാര്‍ അക്ഷയയുടെ പേരില്‍ എഴുതി വാങ്ങുകയും ചെയ്‌തു. തുടർന്ന് യുവാവിനെ കൂത്താട്ടുകുളം സ്റ്റാന്‍റില്‍ ഇറക്കിവിട്ട സംഘം കാറുമായി കടന്നുകളഞ്ഞു. ഇതിന് പിന്നാലെ യുവാവ് കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 3 പേരെ കരിങ്ങാച്ചിറയില്‍ വച്ചും ആതിരയെ ഇടപ്പള്ളിയില്‍ വച്ചും പൊലീസ് പിടികൂടി. സംഘത്തെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. മറ്റാരെങ്കിലും സംഘത്തിന്‍റെ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.