Peacock| 'തന്നെ കൊത്തി പരിക്കേല്‍പ്പിച്ചു, നടപടിയെടുക്കണം'; മയിലിനെതിരെ പരാതിയുമായി വീട്ടമ്മ - നടപടിയെടുക്കണം
🎬 Watch Now: Feature Video
ബെംഗളൂരു: വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ നാം കാണുകയും കേള്‍ക്കുകയും ചെയ്യാറുണ്ട്. ആളുകള്‍ പരസ്‌പരം തമ്മിലുളള മര്‍ദനങ്ങള്‍, കൊലപാതകങ്ങള്‍, ആസിഡ് ആക്രമണം, ഗുണ്ട ആക്രമണം തുടങ്ങി നിരവധി ആക്രമണങ്ങള്‍. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായൊരു പരാതിയെ കുറിച്ചുള്ള വിവരങ്ങളാണ് കര്‍ണാടകയിലെ ചന്നപട്ടണയില്‍ നിന്ന് പുറത്ത് വരുന്നത്. മൂര്‍ച്ഛയുള്ള കൊക്ക് കൊണ്ട് തന്നെ കൊത്തി പരിക്കേല്‍പ്പിച്ചെന്ന് മയിലിനെതിരെ വനം വകുപ്പില്‍ പരാതി നല്‍കിയിരിക്കുകയാണ് ആറലാലുസാന്ദ്ര സ്വദേശിയായ ലിംഗമ്മ എന്ന വീട്ടമ്മ.
കഴിഞ്ഞ ജൂണ്‍ 28നാണ് രാമനഗരയിലെ ഫോറസ്റ്റ് ഓഫിസിലെത്തി ലിംഗമ്മ പരാതി നല്‍കിയത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് വനം വകുപ്പിന് നല്‍കിയ പരാതിയില്‍ ലിംഗമ്മ പറഞ്ഞു. വീട്ടമ്മ നല്‍കിയ പരാതിയില്‍ ഗ്രാമവാസികളും ഒപ്പിട്ടിട്ടുണ്ട്. ജൂണ്‍ 26നാണ് കേസിനാസ്‌പദമായ സംഭവം.
വീടിന് പിന്നില്‍ ജോലി ചെയ്‌ത് കൊണ്ടിരിക്കെ വീടിന് മുകളില്‍ ഇരുന്ന മയില്‍ പറന്ന് വന്ന് ലിംഗമ്മയെ കൊത്തുകയായിരുന്നു. ആക്രമണത്തില്‍ വീട്ടമ്മയ്‌ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പരിക്കേറ്റ ലിംഗമ്മ ചന്നപട്ടണത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വീട്ടമ്മ നല്‍കിയ പരാതി: കഴിഞ്ഞ നാല് അഞ്ച് ദിവസമായി ഞങ്ങളുടെ വീടിന് സമീപത്ത് ഒരു മയില്‍ ചുറ്റി കറങ്ങുന്നുണ്ടെന്നും വീടിന് പിന്നില്‍ നില്‍ക്കുന്ന തന്നെ പറന്നെത്തിയ മയില്‍ കൊത്തി പരിക്കേല്‍പ്പിച്ചെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു. അക്രമകാരിയായി മയിലിനെ പിടികൂടി ഉള്‍വനത്തില്‍ വിട്ടയക്കണമെന്ന് വീട്ടമ്മ പറഞ്ഞു.
ഗ്രാമത്തില്‍ മയിലുകള്‍ ധാരാളം എത്തുന്നുണ്ടെന്നും ആക്രമണങ്ങള്‍ പതിവാണെന്നും ലിംഗമ്മ പരാതിയില്‍ പറയുന്നു. വീട്ടമ്മയുടെ പരാതിയില്‍ ഗ്രാമവാസികളും പിന്തുണയുമായെത്തി. വയലില്‍ കൂട്ടമായെത്തുന്ന മയിലുകള്‍ കൃഷി വിളകള്‍ നശിപ്പിക്കുകയാണെന്നും വയലില്‍ വിതക്കുന്ന വിത്ത് തിന്ന് നശിപ്പിക്കുകയാണെന്നും ഗ്രാമവാസികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു. ആറലാലുസാന്ദ്ര മേഖലയില്‍ കാട്ടാന ശല്യത്തെ കുറിച്ച് നിരന്തരം വനം വകുപ്പിന് പരാതികള്‍ ലഭിക്കാറുണ്ട്. ഇതിന് പിന്നാലെയാണ് മയിലിനെതിരെയും പരാതി ലഭിക്കുന്നത്.
ദക്ഷിണ കന്നഡയില്‍ കുതിരക്കെതിരെയും പരാതി: കഡബയിലെ പ്രധാന റോഡുകളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കുതിരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി യുവാവ്. കഡബ സ്വദേശിയായ യുവാവാണ് കുതിരക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. റോഡില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കുതിര വാഹന യാത്രികര്‍ക്ക് പ്രയാസം സൃഷ്‌ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് പരാതിയുമായെത്തിയത്.
റോഡിലെത്തി കുതിരയെ പിടിച്ച് കെട്ടിയിട്ടതിന് ശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. റോഡിലൂടെ ഭക്ഷണം തേടിയിറങ്ങുന്ന കുതിര കാരണം നിരവധി ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്‌ച (ജൂലൈ 2) റോഡിലെത്തിയ കുതിരയെ വാഹനത്തിലെ ഡ്രൈവര്‍ തള്ളിമാറ്റിയിരുന്നു. മാത്രമല്ല സാമൂഹിക പ്രവര്‍ത്തകനായ രാഘവയെന്ന ആളുടെ ഫാമില്‍ കയറിയ കുതിര നട്ടു പിടിപ്പിച്ച പുല്ല് നശിപ്പിക്കുകയും ഫാമിലെ പൈപ്പ് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെയാണ് യുവാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
പരാതിയെ തുടര്‍ന്ന് കസബ പൊലീസ് കുതിരയുടെ ഉടമയെ വിളിച്ച് വരുത്തി. സ്ഥലത്തെത്തിയ ഉടമ എല്‍ഒയു (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ്) എഴുതി വാങ്ങിച്ചു. കുതിരയെ പൊതുയിടങ്ങളില്‍ അഴിച്ച് വിടില്ലെന്നും ഭാവില്‍ ഒരു പ്രശ്‌നമുണ്ടാകില്ലെന്നും ഉടമ ഉറപ്പ് നല്‍കി.