ജലവിതരണ പദ്ധതികളില്ല ; ചക്കക്കാനത്ത് 600 ലിറ്റര്‍ വെള്ളത്തിന് 300 രൂപ, ജനം ദുരിതത്തില്‍
🎬 Watch Now: Feature Video
ഇടുക്കി : പദ്ധതികള്‍ നിരവധിയുണ്ടെങ്കിലും കുടിവെള്ളം വേണമെങ്കില്‍ വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയിലാണ് ഇടുക്കി രാമക്കല്‍മേട് ചക്കക്കാനം നിവാസികള്‍. വിവിധ കാലഘട്ടങ്ങളില്‍ മേഖലയില്‍ ഒരുക്കിയ ജലവിതരണ പദ്ധതികളൊന്നും നിലവില്‍ പ്രവര്‍ത്തിയ്ക്കുന്നില്ല. പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വാഹനത്തിലുള്ള ജല വിതരണവും ഇവിടേക്കെത്തുന്നില്ല. കനത്ത ജലക്ഷാമം നേരിടുന്ന മേഖലയാണ് ചക്കക്കാനം.
തമിഴ്‌നാട് അതിര്‍ത്തി മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് താരതമ്യേന മഴയുടെ ലഭ്യത കുറവാണ്. വേനലിന്‍റെ തുടക്കം മുതല്‍ വെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. 600 ലിറ്റര്‍ വെള്ളത്തിന് മുന്നൂറ് രൂപ നല്‍കണം. വിലയ്ക്ക് വാങ്ങുന്ന വെള്ളം കുടിയ്ക്കുന്നതിനോ ഭക്ഷണം പാകം ചെയ്യുന്നതിനോ ഉപയോഗിക്കാനാവില്ല. തലച്ചുമടായാണ് ജലം എത്തിയ്ക്കുന്നത്. ചക്കക്കാനത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. ലക്ഷങ്ങള്‍ മുടക്കി ടാങ്കും പൈപ്പ് കണക്ഷനുകളും കുഴല്‍ കിണറുകളും വിവിധ മേഖലകളില്‍ സ്ഥാപിച്ചു. ഗുണഭോക്‌തൃ വിഹിതവും ശേഖരിച്ചാണ് പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പദ്ധതികളെല്ലാം പ്രവര്‍ത്തനരഹിതമായി.
മേഖലയിലെ 80 കുടുംബങ്ങളാണ് കുടിവെള്ളക്ഷാമം മൂലം ബുദ്ധിമുട്ടുന്നത്. ജല ദൗര്‍ലഭ്യം മൂലം കൃഷിയും കാലി വളര്‍ത്തലും പ്രതിസന്ധിയിലായി. നിലവിലുള്ള പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍, അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിന്‍റേതായി വാഹനത്തിലുള്ള കുടിവെള്ള വിതരണം സ്ഥിരമായി മേഖലയിലേക്ക് എത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.