നിറയെ കായ്‌ച്ച് തമിഴ്‌നാട്ടിലെ മുന്തിരി പാടങ്ങള്‍ ; കേരളത്തില്‍ നിന്ന് സഞ്ചാരികളുടെ ഒഴുക്ക് - സഞ്ചാരികളുടെ തിരക്ക്
🎬 Watch Now: Feature Video
ഇടുക്കി : അവധിക്കാലം അവസാനിയ്ക്കാറായതോടെ തമിഴ്‌നാട്ടിലെ മുന്തിരി പാടങ്ങളില്‍ കേരളത്തില്‍ നിന്നുള്ള സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു. ഇടതൂര്‍ന്ന് പഴുത്ത് തുടുത്ത മുന്തിരികള്‍. കടുത്ത വേനല്‍ ചൂടിലും കുളിര്‍മ്മയേകുന്ന കാഴ്‌ചയാണ് ഇത്. അതിര്‍ത്തി പട്ടണമായ കമ്പത്തോട് ചേര്‍ന്ന് കിടക്കുന്ന ഗൂഢല്ലൂര്‍, ചുരുളിപട്ടി, തേവര്‍പട്ടി, കെകെപട്ടി തുടങ്ങിയ ഗ്രാമങ്ങളിലാണ് മുന്തിരി കൃഷി കൂടുതലായുള്ളത്.
തേക്കടിയുടെയും മൂന്നാറിന്‍റെയും രാമക്കല്‍മേടിന്‍റെയും കാഴ്‌ചകള്‍ തേടിയെത്തുന്ന മലയാളികളില്‍ ഭൂരിഭാഗവും മുന്തിരി തോട്ടങ്ങളും സന്ദര്‍ശിച്ചാണ് തിരികെ മടങ്ങുക. കറുത്ത മുന്തിരിയാണ് തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കൂടുതലായും കൃഷി ചെയ്യുന്നത്. നവംബര്‍, ഡിസംബര്‍ മാസമാണ്, പ്രധാന വിളവെടുപ്പ് കാലം. വര്‍ഷത്തില്‍ നാല് തവണ വിളവെടുക്കും. നിലവില്‍, മിക്ക തോട്ടങ്ങളിലും വിളവെടുപ്പ് പൂര്‍ത്തിയാക്കി, അടുത്ത കൃഷിയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
കമ്പത്തെ മുന്തിരിക്ക് ഭൗമസൂചിക പദവി : അതിർത്തി ഗ്രാമമായ കമ്പത്തെ കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി ലഭിച്ചിരുന്നു. കയറ്റുമതിയിൽ മുൻപന്തിയിൽ ഉള്ള കമ്പത്തെ കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി നൽകണമെന്നത് കർഷകരുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പം മേഖലയിലാണ് ഈ മുന്തിരി കൃഷി ചെയ്യുന്നത്.
വർഷത്തിൽ മൂന്ന് തവണ വിളവെടുപ്പ് നടത്താൻ സാധിക്കുമെന്നതാണ് ഈ മുന്തിരിയുടെ പ്രധാന സവിശേഷത. ഇതാണ് കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി നേടിക്കൊടുത്തതും. പശ്ചിമഘട്ട താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നതിനാൽ മുന്തിരി കൃഷിക്ക് താപനില, മണ്ണ്, വെള്ളം എന്നിവയെല്ലാം അനുകൂല ഘടകങ്ങളാണ്.