അനധികൃതമായി കടത്തിയ പടക്കവുമായി തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍; പടക്കം എത്തിച്ചത് വിഷു വിപണി ലക്ഷ്യമിട്ട്
🎬 Watch Now: Feature Video
പാലക്കാട്: വിഷു വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് വ്യാപകമായി അനധികൃതമായി പടക്കങ്ങൾ കടത്തുന്നു. ഇത്തരത്തിൽ അനധികൃതമായി ശിവകാശിയിൽ നിന്ന് മിനി കണ്ടെയ്‌നറിൽ കൊണ്ടുവന്ന പടക്കങ്ങൾ പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടി. പടക്കങ്ങള്‍ കൊണ്ടു വന്ന രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
തമിഴ്‌നാട് സ്വദേശികളായ ഡ്രൈവർ വിരുദനഗർ രാജപാളയം പെരുമാൾ കോവിൽ സ്ട്രീറ്റിലെ മരുതപാണ്ടി (34), ശിവകാശി നെഹ്റു കോളനിയില്‍ ജോൺ പീറ്റർ (22) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബുധനാഴ്‌ച നടത്തിയ പരിശോധനയിലാണ് പടക്കവുമായി യുവാക്കള്‍ പിടിക്കപ്പെട്ടത്.
നഗരത്തിലെ കടകൾ കേന്ദ്രീകരിച്ചും വഴിയോര കച്ചവടകാർക്കും ഏജന്‍റുമാർക്കും നൽകുന്നതിനാണ് മിനി കണ്ടെയ്‌റിൽ പടക്കമെത്തിച്ചത്. ലൈസൻസ് ഇല്ലാതെ അനധികൃതമായി കച്ചവടം ചെയ്യുന്നവർക്കാണ് ഇവർ പടക്കം നൽകിയിരുന്നത്. നാല് സ്ഥലങ്ങളിൽ പടക്കമിറക്കിയതിന് ശേഷമാണ് രണ്ട് പേരും പൊലീസിന്‍റെ പിടിയിലായത്.
പടക്കം വാങ്ങിയ വ്യാപാരികൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. മതിയായ സുരക്ഷ ഒരുക്കാതെയാണ് കണ്ടെയ്‌നറിൽ പടക്കം കൊണ്ടു വന്നിരിക്കുന്നത്. പിടികൂടിയ കണ്ടെയ്‌നർ ഇന്ന് ബോംബ് സ്ക്വാഡ് പരിശോധിക്കും. പരിശോനയ്ക്ക് ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കും.
അനധികൃതമായി കടത്തുന്ന പടക്കങ്ങൾ പിടികൂടുന്നതിന് വ്യാപകമായി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്‌ടർ സുജിത്ത്, എസ്ഐമാരായ സുനിൽ, നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പടക്കം പിടികൂടിയത്.