അരിക്കൊമ്പനെ മയക്കുവെടി വയ്‌ക്കാൻ തമിഴ്‌നാട്, കമ്പത്ത് ജനവാസ മേഖലയില്‍ ഭീതിയുടെ മണിക്കൂറുകൾ - കമ്പം
🎬 Watch Now: Feature Video
കമ്പം: ഇടുക്കി ചിന്നക്കനാലില്‍ നിന്ന് ഏപ്രില്‍ 29ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ എന്ന കാട്ടാന തമിഴ്‌നാട്ടിലെ കമ്പം ടൗണില്‍. ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കമ്പം ടൗണില്‍ എത്തിയത്. അഞ്ച് വാഹനങ്ങൾ തകർത്ത അരിക്കൊമ്പൻ, ജനവാസ മേഖലകളില്‍ വലിയ ഭീതിയാണ് സൃഷ്‌ടിക്കുന്നത്. ആകാശത്തേക്ക് വെടിവച്ച് ആനയെ ജനവാസ മേഖലയില്‍ നിന്ന് മാറ്റാൻ തമിഴ്‌നാട് വനംവകുപ്പ് ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിട്ടില്ല.
മയക്കുവെടിക്ക് ശ്രമം: കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വച്ചേക്കുമെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിനാളുകൾ താമസിക്കുന്ന മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആന എത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. കമ്പം ടൗണിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന പതിവില്ല. കേരളത്തിലും തമിഴ്‌നാട്ടിലും വൻ വാർത്ത പ്രാധാന്യം നേടിയ അരിക്കൊമ്പൻ ടൗണിലെത്തിയതറിഞ്ഞ് നിരവധി പേരാണ് കമ്പത്തേക്ക് പാഞ്ഞെത്തിയത്. കമ്പത്ത് പുളിമരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയാണ് ആന. തമിഴ്‌നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്. അതിനാൽ തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ തമിഴ്‌നാട് വനംവകുപ്പ് കടുത്ത നടപടിയിലേക്ക് കടക്കും.
രാത്രി സിഗ്‌നല്‍ നഷ്‌ടമായി: ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ അരിക്കൊമ്പന്‍ കമ്പത്ത് എത്തിയെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ രാത്രി ആനയുണ്ടായിരുന്നത്. രാവിലെ ആനയുടെ റേഡിയോ കോളർ സിഗ്‌നൽ നഷ്‌ടമായതോടെ വനം വകുപ്പ് നടത്തിയ തെരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് ആന കമ്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.