പത്തനംതിട്ട നവകേരള സദസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ; സ്വാഗതം ചെയ്‌ത് സിപിഎം ജില്ലാ സെക്രട്ടറി - പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്‍റ് ബാബു ജോര്‍ജ്
🎬 Watch Now: Feature Video
Published : Dec 17, 2023, 4:07 PM IST
പത്തനംതിട്ട: സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് നടപടി നേരിട്ട മുൻ ഡിസിസി പ്രസിഡന്‍റും മുൻ ഡിസിസി ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ നവകേരള സദസില്‍ പങ്കെടുത്തു. പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്‍റ് ബാബു ജോര്‍ജ്, ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി സജി ചാക്കോ എന്നിവരാണ് ഇന്ന് നവകേരള സദസില്‍ പങ്കെടുത്തത്. നവകേരള സദസിന്‍റെ പത്തനംതിട്ട ജില്ലയിലെ മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസിന്‍റെ പ്രഭാതയോഗത്തിലാണ് ഇരുവരും എത്തിയത്. ഇതിനിടെ ഇരുവരെയും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. ഡിസിസി യോഗം നടക്കുന്നതിനിടെ ഡിസിസി ഓഫീസിന്‍റെ കതക് ചവിട്ടിത്തുറന്ന സംഭവത്തിൽ ബാബു ജോര്‍ജിനെതിരെ കെപിസിസി നടപടി സ്വീകരിച്ചിരുന്നു. മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സജി ചാക്കോയ്ക്കെതിരെ നടപടി സ്വീകരിച്ചത്. പാർട്ടിയിൽ നിന്നും നടപടി നേരിട്ടതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പാർട്ടിക്കും ഡിസിസി നേതൃത്വത്തിനുമെതിരെ നിരന്തരം ആരോപങ്ങളുമായി കളം നിറഞ്ഞു നിൽക്കുന്നതിനിടെയാണ് ബാബു ജോർജ് നവകേരള സദസില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജനകീയ സദസ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് വരുന്നതെന്നാണ് ബാബു ജോര്‍ജിന്‍റെ പ്രതികരണം. 'അതിനെ ഒരു ആര്‍ഭാടമായി കാണേണ്ടതില്ല. പാര്‍ട്ടിയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. എന്‍റെ നിലപാട് ഇപ്പോള്‍ ജനകീയ സദസിന് അനുകൂലമാണ്. ബാക്കി കാര്യങ്ങള്‍ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനിക്കും. ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനത്തില്‍ വിയോജിക്കുന്നു എന്നും ബാബു ജോര്‍ജ് പ്രതികരിച്ചു.