Bribe Allegation | രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരായ അഴിമതി ആരോപണം; തെളിയിക്കാന്‍ വെല്ലുവിളിച്ച് എം.എസ് സതി
🎬 Watch Now: Feature Video
ഇടുക്കി: രാജാക്കാട് ഗ്രാമപഞ്ചായത്തിനെതിരെയുള്ള അഴിമതി ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കല്ലുകടി. കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ഇട്ടുനല്‍കുന്നതിന് ലക്ഷങ്ങള്‍ പ്രസിഡന്‍റ് കൈക്കൂലി വാങ്ങിയെന്നായിരുന്നു കോണ്‍ഗ്രസ് ജില്ല നേതാവായ സേനാപതി വേണുവിന്‍റെ ആരോപണം. ഇതോടെ അഴിമതി നടന്നതായി തെളിയിക്കാന്‍ സേനാപതി വേണുവിനെ വെല്ലുവിളിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് സതി കുഞ്ഞുമോന്‍ രംഗത്തെത്തിയിരുന്നു. ആയിരം രൂപ കൊടുത്താല്‍ എന്തും മൈക്കിലൂടെ വിളിച്ചു പറയുന്നയാളാണ് സേനാപതി വേണു എന്ന കോണ്‍ഗ്രസുകാരന്‍റെ സ്വഭാവമെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ ഇതിനിടെ രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അഴിമതിയാരോപണമുന്നയിച്ച കോണ്‍ഗ്രസ് ജില്ല നേതാവിന്‍റെ നടപടിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമായി. കഴിഞ്ഞ 31ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജാക്കാട് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. സംസ്ഥാനത്താകെ നടത്തിയ സമരത്തിന്‍റെ ഭാഗമായിരുന്നു രാജാക്കാട്ടിലെ ഈ പരിപാടി. ഇതില്‍ മുഖ്യപ്രഭാഷണം നടത്തിയ കോണ്‍ഗ്രസ് ജില്ല നേതാവായ സേനാപതി വേണുവാണ് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അഴിമതിയാരോപണമുന്നയിച്ചത്. പ്രാദേശിക നേതൃത്വം പോലും ഉന്നയിക്കാത്ത കാര്യം മറ്റ് സ്ഥലത്തു നിന്നുമെത്തിയ ജില്ല നേതാവ് പ്രസംഗിച്ചതാണ് കോണ്‍ഗ്രസിലെ കല്ലുകടിക്ക് കാരണം. ഇതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായമുടലെടുത്തിരിക്കുകയാണ്. ഇത് വരും ദിനങ്ങളില്‍ രൂക്ഷമാകാനും പൊട്ടിത്തെറിക്ക് കാരണവുമാകാനാണ് സാധ്യത.