60 വര്‍ഷത്തിലേറെ പഴക്കം; പൊന്‍മുടി തൂക്കുപാലത്തില്‍ ഗതാഗതം നിരോധിച്ചു - ജില്ല കലക്‌ടര്‍
🎬 Watch Now: Feature Video
ഇടുക്കി: രാജക്കാട് - പൊന്‍മുടി റോഡിലെ പൊന്‍മുടി തൂക്കുപാലത്തില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ച് ജില്ല കലക്‌ടര്‍ ഉത്തരവിറക്കി. കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച തൂക്കുപാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നേരത്തെ തന്നെ നിരോധിച്ചിരുന്നു. ഉടുമ്പൻചോല തഹസില്‍ദാര്‍, രാജാക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് ബ്രിഡ്‌ജസ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, രാജാക്കാട് എസ്എച്ച്ഒ എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധന റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് പൂര്‍ണമായി ഗതാഗതം നിരോധിച്ച് ഉത്തരവിറക്കിയത്.
60 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള പൊന്‍മുടി തൂക്കുപാലത്തില്‍ വാഹന ഗതാഗതവും പരിധിയില്‍ അധികം ആളുകള്‍ കയറുന്നത് വലിയ അപകടത്തിന് കാരണമാകുമെന്നതിനാലാണ് ദുരന്തനിവാരണ നിയമം പ്രകാരം ഗതാഗതം നിരോധിച്ചത്. ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ല പൊലീസ് മേധാവി, ഉടുമ്പന്‍ചോല തഹസില്‍ദാര്‍, രാജാക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗതാഗതം നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് രാജാക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
അതേസമയം വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടി തൂക്കുപാലത്തിന് സമീപം മാലിന്യം കൂട്ടിയിടുന്നതായി അടുത്തിടെ ആക്ഷേപമുയര്‍ന്നിരുന്നു. പാലത്തിന് സമീപമായുള്ള വനമേഖലയിലാണ് ആളുകള്‍ മാലിന്യം ഉപേക്ഷിക്കുന്നത്. ഈ പ്രശ്നത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. കൊവിഡ് ലോക്ക്ഡൗണിനു മുമ്പുവരെ ദിവസവും നൂറ്കണക്കിന് വിനോദസഞ്ചാരികള്‍ എത്തിയിരുന്ന ഇടമാണ് പൊന്‍മുടി തൂക്കുപാലം.