യാത്രയ്‌ക്കിടെ ബസില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വയോധികന്‍; പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ച് പൊലീസുകാര്‍ - പൊലീസ്

🎬 Watch Now: Feature Video

thumbnail

By

Published : Apr 24, 2023, 5:17 PM IST

കോട്ടയം: സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞുവീണ് അവശനിലയിലായ വയോധികന് ഫസ്‌റ്റ് എയ്‌ഡ് നൽകി ജീവൻ രക്ഷിച്ച് കോട്ടയം ജില്ല പൊലീസിലെ അഞ്ച് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ. കുമളിയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന സെന്‍റ് ജോൺസ് എന്ന സ്വകാര്യ ബസിനുള്ളിൽ തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് കോട്ടയം കളത്തിപടിയില്‍ വച്ചാണ് സംഭവം.

വാഴൂർ സ്വദേശിയായ വയോധികൻ കൊടുങ്ങൂരില്‍ നിന്നും കോട്ടയത്തേക്ക് പോകുവാനായി ബസിൽ കയറുകയായിരുന്നു. ഇടയ്ക്ക് കളത്തിപടിയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും സീറ്റിലേക്ക് കുഴഞ്ഞുവീഴുകയും ബോധം നഷ്‌ടപ്പെടുകയുമായിരുന്നു. ഇതേ ബസിൽ പൊൻകുന്നത്ത് നിന്നും പ്രതികളുമായി കോട്ടയത്തേക്ക് വരികയായിരുന്ന ജില്ല ഹെഡ് ക്വാർട്ടേഴ്‌സിലെ പൊലീസ് ഉദ്യോഗസ്ഥരായ ഷമീർ സമദ്, അൻസു പി.എസ്, മഹേഷ്, പ്രദീപ് ടി.ആര്‍ എന്നിവരും, ബസ്സിനുള്ളിൽ മുണ്ടക്കയത്ത് നിന്നും കയറിയ കോട്ടയം സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥനായ ജോബിന്‍സ് ജെയിംസും ചേർന്ന് വയോധികന് പ്രാഥമിക ശുശ്രൂഷ സിപിആർ നൽകുകയും, അല്‍പസമയത്തിനുള്ളില്‍ വയോധികന് ആശ്വാസം അനുഭവപ്പെടുകയുമായിരുന്നു. 

തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ എത്രയും പെട്ടെന്ന് ബസ് ജില്ല ആശുപത്രിയിലേക്ക് പോകുവാൻ അറിയിച്ചതിനെത്തുടർന്ന് ഡ്രൈവർ വാഹനം ജില്ല ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പരിശോധനക്ക് ശേഷം വയോധികന്‍ അപകടനില തരണം ചെയ്‌തെന്നും, തക്കസമയത്ത് സിപിആർ നൽകാൻ ആയതിനാലാണ് ജീവൻ രക്ഷിക്കാനായതെന്നും ഡോക്‌ടർ വ്യക്തമാക്കുകയുമായിരുന്നു. വയോധികന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർ തുടർന്ന് അവരുടെ ജോലിയിലേക്ക് വ്യാപൃതരായി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.