ഖജനാപ്പാറയില്‍ തോട്ടം തൊഴിലാളികള്‍ക്ക് മുഖംമൂടി സംഘത്തിന്‍റെ മര്‍ദനം; മധ്യപ്രദേശ് സ്വദേശികള്‍ക്ക് പരിക്ക്
🎬 Watch Now: Feature Video
Published : Dec 12, 2023, 10:12 PM IST
ഇടുക്കി : ഖജനാപ്പാറയില്‍ തോട്ടം തൊഴിലാളികള്‍ക്ക് നേരെ പത്തംഗ സംഘത്തിന്‍റെ ആക്രമണം. മധ്യപ്രദേശ് സ്വദേശികളായ സ്‌ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. ഡാംസിങ്, പുഷ്‌പ, കമലി, റാം എന്നിവര്‍ക്കാണ് പരിക്കേറ്റത് (Plantation Workers Attacked In Idukki). മുഖമൂടി ധരിച്ചെത്തിയ പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. ഖജനാപ്പാറ സ്വദേശിയായ രാജന്‍റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് സംഭവം. ഇന്ന് (ഡിസംബര്‍ 12) രാവിലെ 8 മണിയോടെയാണ് സംഘത്തിന്‍റെ ആദ്യ ആക്രമണമുണ്ടായത്. രാവിലെ മുഖമൂടി ധരിച്ച് തോട്ടത്തിലെത്തിയ സംഘം തൊഴിലാളികളെ ഭീഷണിപ്പെടുത്തി തിരിച്ച് പോയി (Khajanapara Plantation Workers Attack). എന്നാല്‍ ഉച്ചയോടെ മാരായുധങ്ങളുമായി വീണ്ടും തിരികെ എത്തിയ സംഘം തൊഴിലാളികളെ മര്‍ദിച്ചു. ഇതോടെ ഭയപ്പെട്ട് ഓടിയ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ രാജകുമാരി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സിഐടിയു ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം നടക്കുന്നതിനിടെയാണ് സംഭവം. തോട്ടങ്ങളില്‍ അതിഥി തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നതിനെതിരെയാണ് സമരം നടക്കുന്നത്. സംഭവത്തില്‍ തോട്ടം ഉടമ രാജന്‍ രാജാക്കാട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.