Paddy Farmers Kannur Suffer Due To Lack Of Rain മഴ ചതിച്ചു; കണ്ണൂരിലെ നെൽകർഷകർക്കിത് കണ്ണീർ കാലം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 4, 2023, 3:58 PM IST

കണ്ണൂർ: കനത്തു പെയ്യേണ്ട കാലത്ത് മഴ മാറിനിന്നു. വെയിൽ ആകട്ടെ അതിലേറെ തീവ്രമായി. കണ്ണൂർ ജില്ലയിലെ വയലുകൾ ഒക്കെയും കർഷകരുടെ കണ്ണീർപ്പാടങ്ങൾ ആവുകയാണ്. രണ്ടാഴ്‌ചയേറെയായി മഴ പെയ്യാത്തതാണ് കർഷകരെ കഷ്‌ടത്തിലാക്കിയത്. ആവശ്യത്തിനു മഴ ലഭിക്കാത്തത് കാർഷികമേഖലയെ തന്നെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുകയാണ്. മഴയില്ലാത്തത് ഏറ്റവും കൂടുതൽ നെൽ കർഷകരെയാണ് ബാധിച്ചത്. അന്തരീക്ഷത്തിൽ ചൂട് വർധിച്ചതും നെൽകൃഷിക്ക് പ്രധാന വെല്ലുവിളിയായി. കർക്കടകത്തിലും മഴ കുറഞ്ഞതിനാൽ ഞാറുനടുന്ന സമയം മുതൽ നെൽകൃഷി ഇത്തവണ പ്രതിസന്ധിയിലായി. മിക്ക വയലുകളും ഇപ്പോൾ വരണ്ടിരിക്കുകയാണ്. കരനെൽ കൃഷി ഇറക്കിയ മലയോരമേഖലയിലെ തോട്ടങ്ങളും വരണ്ടുണങ്ങി. ഇതേ നില അധികം നാൾ തുടർന്നാൽ കരനെൽ കൃഷി പൂർണമായും നശിക്കും. നീരുറവ കുറഞ്ഞ പാടശേഖരങ്ങളിൽ കൃഷിയിറക്കിയ കർഷകരും ദുരിതത്തിലാണ്. ജില്ലയിലെ പ്രധാന പാടങ്ങളിൽ ഒന്നായ കണ്ണപുരം അയ്യോത്തെ വയലിലെ കാഴ്‌ചകൾ ആരെയും സങ്കടപ്പെടുത്തുന്നതാണ്. മഴയില്ലാത്തതിനൊപ്പം അന്തരീക്ഷത്തിലെ താപനിലയും കൂടിയതോടെ നെൽകൃഷി മുന്നോട്ട് കൊണ്ടുപോവുക എന്നത് കർഷകർക്ക് വലിയ വെല്ലുവിളിയാണ്. ഇവിടങ്ങളിൽ രണ്ടാഴ്‌ച മുമ്പ് രണ്ടു ദിവസം മഴ പെയ്‌തത് ഒഴിച്ചാൽ ഒരു മാസത്തിലധികമായി ഈ ഭാഗങ്ങളിൽ തീരെ മഴ പെയ്‌തിട്ടില്ല. നെൽ ചെടികളിൽ കതിരുകൾ വിരിയുന്ന സമയമാണിത്. നെൽച്ചെടികളുടെ അടിഭാഗം എങ്കിലും വെള്ളത്തിൽ മുങ്ങി കിടക്കേണ്ട സമയം. എന്നാൽ മഴ ഇല്ല എന്നത് മാത്രമല്ല അന്തരീക്ഷത്തിലെ ചൂടും കൂടിയതോടെ പാടങ്ങൾ വിണ്ടുകീറി. ചൂട് മൂലം ഇലകളുടെ പച്ച നിറം മാറി മഞ്ഞനിറം ആകാൻ തുടങ്ങി. ഇത്തരം കാലാവസ്ഥയിൽ വിരിയുന്ന നെല്ല് മുഴുവൻ പതിരായി മാറുമെന്നാണ് കർഷകർ പറയുന്നത്. ചിലയിടങ്ങളിൽ കർഷകർ മോട്ടോർ ഉപയോഗിച്ച് വെള്ളം തളിക്കുന്നുണ്ട്. എന്നാൽ അന്തരീക്ഷത്തിലെ ചൂട് കൊണ്ട് ഇത് വേണ്ടത്ര ഗുണം ചെയ്യുന്നില്ല. ഒരുപാട് പ്രതിസന്ധികളെ നേരിട്ടുകൊണ്ട് വളരെ കുറച്ച് കർഷകർ മാത്രമാണ് ഇത്തവണ ഒന്നാം വിള കൃഷിയിറക്കിയത്. ഏതാണ്ട് കണ്ണപുരം പ്രദേശത്ത് മാത്രമായി 100 ഹെക്‌ടറോളം സ്ഥലങ്ങളിൽ നെൽ കൃഷി ചെയ്യുന്നുണ്ട്. 90 മുതൽ 120 വരെയാണ് ഇവിടെ കൃഷി ചെയ്യുന്ന നെല്ലിന്‍റെ വിളവെടുപ്പ് സമയം. വീട്ടുകിണറുകളിൽ നിന്ന് പാടത്തേക്ക് വെള്ളം പമ്പ് ചെയ്‌ത് എത്രനാൾ കൃഷിയെ സംരക്ഷിക്കുമെന്നാണ് കർഷകരുടെ ചോദ്യം. ശ്രീകണ്‌ഠാപുരം, പെരിങ്കോന്ന്, തവറൂർ ഭാഗങ്ങളിൽ നെൽകൃഷിക്ക് വെള്ളമില്ലാത്ത സ്ഥിതിയാണ്. നെല്ലിനെ കൂടാതെ മറ്റു കൃഷികളും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. മഴ മാറി നിന്നതോടെ മലയോര മേഖലകളിലെ കുരുമുളക് ചെടികളും വാടി തുടങ്ങി. മഴയില്ലാത്തത് കുരുമുളകിന്‍റെ വളർച്ചയെയും ബാധിച്ചിട്ടുണ്ട്. പച്ചമുളക് ഉൾപ്പെടെയുളള പച്ചക്കറികൾക്കും ഭീഷണിയായി. പയ്യാവൂർ, കുന്നത്തൂർ, വളക്കൈ, ചെങ്ങളായി മേഖലകളിലെ കുരുമുളക് കർഷകരും പ്രതിസന്ധിയിലാവുകയാണ്. എപ്പോഴും നനവ് വേണ്ട ഇഞ്ചി, വാഴ തുടങ്ങിയ കൃഷികളുടെ വളർച്ചയും മലയോരത്ത് മഴ മാറി നിന്നതിനാൽ മുരടിക്കുകയാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.