പ്രതിപക്ഷ നേതാവ് നട്ടെല്ല് ആർഎസ്എസിന് പണയം വച്ചു; ആരോപണങ്ങളെ രാഷ്‌ട്രീയമായി നേരിടാൻ കഴിവില്ല: മന്ത്രി മുഹമ്മദ് റിയാസ് - യു ഡി എഫ്
🎬 Watch Now: Feature Video
തിരുവനന്തപുരം: പരസ്‌പരം ആക്രമിച്ചും വിമർശിച്ചും ഭരണ പ്രതിപക്ഷ അംഗങ്ങൾ മുന്നേറുന്നതിനിടെ സതീശനെ വീണ്ടും കടന്നാക്രമിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിക്കെതിരെ സമരം നടത്തിയെന്ന് തെളിയിക്കാൻ പത്ര കട്ടിങ് കാണിക്കേണ്ട ഗതികേടിലാണ് പ്രതിപക്ഷമെന്ന് സതീശനെതിരെ റിയാസ് തുറന്നടിച്ചു. പേരിന് വേണ്ടി ബിജെപിക്ക് എതിരെ ഫോട്ടോഷൂട്ട് സമരം നടത്തിയിട്ട് കാര്യമില്ല. പത്രത്തിൽ ഫോട്ടോ വരാനുള്ള സമരം മാത്രമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. നട്ടെല്ല് വാഴപ്പിണ്ടിയാണെന്നത് വീണ്ടും ആവർത്തിച്ച് പറയുന്നില്ല. നട്ടെല്ല് ആർഎസ്എസിന് പണയം വച്ചിരിക്കുന്നുവെന്നും റിയാസ് പരിഹസിച്ചു.
സൈബർ ലോകത്ത് മാത്രം കാണുന്ന ജീവികൾ നിലവാരം താണ പരാമർശങ്ങൾ നടത്തുന്നുവെന്നും അത് പ്രതിപക്ഷ നേതാവ് ഏറ്റുപിടിക്കുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 'പ്രതിപക്ഷ നേതാവ് വ്യക്തിപരമായി മന്ത്രിമാരെ ആക്രമിക്കുന്നു. രാഷ്‌ട്രീയമായി നേരിടാൻ കഴിവില്ലാത്തതിനാലാണ് ഇത്. കേരളത്തിലെ മന്ത്രിമാർ പ്രതിപക്ഷ നേതാവിന്‍റെ വാലാട്ടിമാരല്ല. ഒരുപാട് കാലം എം എൽ എ ആകുന്നതാണോ രാഷ്ട്രീയ പ്രവർത്തനത്തിലെ മഹത്തരം. സ്വന്തം പാർട്ടി പോലും പ്രതിപക്ഷ നേതാവിന്‍റെ താൻ പ്രമാണിത്വം അംഗീകരിക്കുന്നില്ല.
വി ഡി സതീശനെ പ്രതിപക്ഷ നേതാവായി സ്വീകരിക്കാൻ യുഡിഎഫ് പാർട്ടി പോലും തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്ന വേളയിൽ കെ പി സി സി യിൽ നിന്നും 4 പേർ മാത്രമാണ് വി ഡി സതീശനെ പിന്താങ്ങിയതെന്നത് അങ്ങാടിപ്പാട്ടാണ്. എല്ലാവരും പറഞ്ഞത് ചെന്നിത്തലയുടെ പേരാണ്. എന്നിട്ടും അദ്ദേഹം പ്രതിപക്ഷ നേതാവായി. പ്രതിപക്ഷനേതാവ് നടത്തുന്നത് ഫോട്ടോ ഷൂട്ട് സമരമാണ്. പത്രങ്ങളിൽ പേരും ഫോട്ടോയും വരാൻ വേണ്ടി മാത്രമാണ് സമരം. പത്രക്കട്ടിങ് ഉയർത്തി കാട്ടിയാണ് പ്രതിപക്ഷ നേതാവ് ബിജെപിക്കെതിരെ പ്രസ്‌താവന ഇറക്കിയിട്ടുണ്ടെന്ന് പറയുന്നത്. എന്ത് ഗതികെട്ട അവസ്ഥയാണിത്. ഗോൾവാൽക്കറുടെ ജന്മശദാബ്‌ദിക്ക് പറവൂർ മനക്കൽപ്പടി സ്കൂളിൽ നടത്തിയ പൂജയ്ക്ക് സതീശൻ വണങ്ങി നിൽക്കുന്ന ഫോട്ടോയായിരുന്നു പത്രസമ്മേളനത്തിൽ ഉയർത്ത കാണിക്കേണ്ടിയിരുന്നത്,' റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തനത്തിൽ രാഷ്‌ട്രീയമായി മറുപടി പറയണം. വ്യക്തിപരമായി ആക്ഷേപിച്ച് രാഷ്‌ട്രീയ മറുപടിയിൽ നിന്ന് രക്ഷപ്പെടാമെന്ന് പ്രതിപക്ഷ നേതാവ് കരുതണ്ട. പ്രതിപക്ഷ നേതാവ് മന്ത്രിമാരെയെല്ലാം വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ഈ നിലപാട് സ്വീകരിക്കാൻ പാടില്ല എന്നും മതനിരപേക്ഷ പാരമ്പര്യമുള്ള കോൺഗ്രസ് പ്രവർത്തകരെ വഞ്ചിക്കുന്ന രീതിയാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത് എന്നും റിയാസ് ആവർത്തിച്ചു.
കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സഭയിൽ പ്രതിഷേധം ഉയരാതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പാചകവാതക വിലവർധനക്കെതിരെയോ കേരളത്തെ അപമാനിക്കുന്ന അമിത് ഷായുടെ പ്രസ്‌താവനക്ക് എതിരെയോ കേരളം പിടിക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്‌താവനക്കെതിരെയോ പ്രതിപക്ഷ നേതാവ് എന്തെങ്കിലും മിണ്ടിയോ എന്നും ചോദിച്ച റിയാസ് ഇത് കേരളമാണ്, കേരളത്തിലെ ജനങ്ങൾ എന്നും രാഷ്ട്രീയത്തെ സീരിയസ് ആയി കാണുന്നവരാണ് എന്ന് പറഞ്ഞു. സ്വപ്‌നയുടെ പരാമർശങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങൾ മറുപടി പറയട്ടെയെന്നും പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആവർത്തിച്ചു.