Muthalapozhi Accident | മുതലപ്പൊഴിയിൽ വീണ്ടും അപകടം, വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി കടലില്‍ വീണു
🎬 Watch Now: Feature Video
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ (Muthalapozhi) വീണ്ടും അപകടം. ശക്തമായ തിരയില്‍പ്പെട്ട് വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ഷിബു കടലിലേക്ക് വീണു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇയാളെ ഉടന്‍ തന്നെ രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു. മറൈൻ എൻഫോഴ്സ്മെന്‍റ് (Marine Enforcement), ഫിഷറീസ് വകുപ്പ് (Fisheries Department) എന്നിവര്‍ ചേര്‍ന്നാണ് കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയത്. മുതലപ്പൊഴിയില്‍ നിന്നും തുടര്‍ച്ചയായാണ് ഇപ്പോള്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂലൈ 22ന് മത്സ്യബന്ധന വള്ളം നിയന്ത്രണം വിട്ട് മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. തിരയടിയില്‍ നിയന്ത്രണം വിട്ട വള്ളം മറിഞ്ഞായിരുന്നു അപകടം. രണ്ട് പേരായിരുന്നു ഈ സമയം വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍, നീന്തി കരയ്‌ക്ക് കയറുകയും മറ്റൊരാളെ മറ്റ് വള്ളങ്ങളില്‍ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. ഈ അപകടത്തിന് കുറച്ച് ദിവസങ്ങള്‍ മുന്‍പ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് നാല് പേര്‍ മരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ ആന്‍റണി രാജുവിനും ജിആര്‍ അനിലിനുമെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.