ബിജെപി പിന്തുണയില്‍ യുഡിഎഫിന് കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം; പ്രസിഡന്‍റടക്കമുള്ള 3 പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്‌ത് പിജെ ജോസഫ്

By

Published : Aug 14, 2023, 5:13 PM IST

thumbnail

കോട്ടയം: കിടങ്ങൂരിൽ ബിജെപി പിന്തുണയിൽ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തതില്‍ കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗത്തില്‍ നടപടി. പഞ്ചായത്ത് പ്രസിഡന്‍റായ പ്രവര്‍ത്തകനെ പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് സസ്‌പെന്‍ഡ് ചെയ്‌തു. എല്‍ഡിഎഫ് ഭരിക്കുന്ന കിടങ്ങൂർ പഞ്ചായത്തില്‍, അഞ്ച് അംഗ ബിജെപി പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചത്. പാര്‍ട്ടി തീരുമാന പ്രകാരമല്ല തോമസ് മാളിയേക്കല്‍ പ്രസിഡന്‍റായതെന്നും രാജിവയ്‌ക്കാനുള്ള നിര്‍ദേശം തള്ളിയതാണ് നടപടി സ്വീകരിക്കാന്‍ കാരണമെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പഞ്ഞു. തോമസ് മാളിയേക്കല്‍, കുഞ്ഞുമോള്‍ ടോമി, സിബി സിവി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. യുഡിഎഫിനുള്ള മൂന്ന് സീറ്റും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റേതാണ്. ജോസഫ് വിഭാഗത്തിലെ തോമസ് മാളിയേക്കലാണ് തെരഞ്ഞെടുക്കപ്പെട്ടത്. 15 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഏഴ്‌ അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. ഇടതുമുന്നണിയിലെ മുൻ ധാരണപ്രകാരം പ്രസിഡൻ്റ് ബോബി മാത്യു രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, ബിജെപി അംഗങ്ങളുടെ അപ്രതീക്ഷിത അട്ടിമറി നീക്കത്തിലൂടെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നേടുകയായിരുന്നു. എൽഡിഎഫ് ധാരണ അനുസരിച്ച് ആദ്യത്തെ രണ്ടര വർഷം കേരള കോൺഗ്രസ്‌ എമ്മിനും അടുത്ത രണ്ടര വർഷം സിപിഎമ്മിനുമാണ് പ്രസിഡന്‍റ് സ്ഥാനം. ബിജെപി അഞ്ചും, കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗത്തിന് മൂന്നും എന്നതാണ് സീറ്റ്‌ നില. കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗവും, ബിജെപിയും രഹസ്യ ധാരണ പ്രകാരം ഒന്നിച്ച് നിലവിലെ ഭരണ സമിതിയെ അട്ടിമറിച്ചുവെന്നാണ് എൽഡിഎഫ് ആരോപണം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.