നീലേശ്വരത്തെ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം ; പടക്കം വീണതെന്ന് സംശയം - fire
🎬 Watch Now: Feature Video
കാസർകോട് : നീലേശ്വരത്തെ 'നീലേശ്വര്‍ ഹെര്‍മിറ്റേജ്' റിസോർട്ടിൽ തീപിടിത്തം. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. ഓലമേഞ്ഞ കെട്ടിടത്തിന് മുകളില്‍ പടക്കം വീണതാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട് നിന്നുള്ള രണ്ട് അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
റിസോര്‍ട്ടിന്‍റെ ഓഫിസ് കെട്ടിടത്തിന് മുകളിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഓലമേഞ്ഞ കെട്ടിടമായത് കൊണ്ട് തന്നെ മറ്റിടങ്ങളിലേക്ക് തീ പെട്ടെന്ന് പടരുകയായിരുന്നു. ഓഫിസ് പൂര്‍ണമായും കത്തി നശിച്ചു. ഓഫിസില്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറും പണവും അഗ്നിക്കിരയായി.
തീപിടിത്തത്തെ തുടര്‍ന്ന് ഉടന്‍ തന്നെ റിസോര്‍ട്ടിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കെട്ടിടത്തിന് മുകളിലേക്ക് പടക്കം വീണതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
തലസ്ഥാനത്തും സമാന സംഭവം: ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് തലസ്ഥാന നഗരിയില്‍ നിന്ന് ഇത്തരമൊരു വാര്‍ത്ത കേട്ടത്. വെമ്പായത്തുള്ള ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് പ്ലംബിങ് കടയിലായിരുന്നു വന്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ കോടികളുടെ നാശനഷ്‌ടം ഉണ്ടായി.
അഞ്ച് നില കെട്ടിടം പൂര്‍ണമായും അഗ്നിക്കിരയായി. വെല്‍ഡിങ് മെഷീനില്‍ നിന്ന് ടിന്നറിലേക്ക് തീപ്പൊരി പടര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായത്. സംഭവ സമയത്ത് കെട്ടിടത്തില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.