ഇന്ത്യന്‍ അര്‍ബന്‍ ഡാറ്റ എക്സ്ചേഞ്ചില്‍ ഇടം നേടി കണ്ണൂര്‍ കോര്‍പറേഷന്‍; കേരളത്തില്‍ നിന്നുള്ള ആദ്യ നഗരമെന്ന് ഖ്യാതി
🎬 Watch Now: Feature Video
കണ്ണൂർ: കേന്ദ്ര ഭവന നഗരകാര്യ വകുപ്പിന് കീഴിലെ വിവരശേഖരണ പ്ലാറ്റ്‌ഫോമായ ഇന്ത്യന്‍ അര്‍ബന്‍ ഡാറ്റ എക്സ്ചേഞ്ചില്‍ (ഐയുഡിഎക്‌സ്) ഇടം നേടി കണ്ണൂര്‍ കോര്‍പറേഷന്‍. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരു നഗരം ഈ പ്ലാറ്റ്‌ഫോമില്‍ ഇടം പിടിക്കുന്നത്. ഇതോടെ അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യ നഗരവുമായി മാറിയ കണ്ണൂര്‍ കോര്‍പറേഷന് ഐയുഡിഎക്‌സ് പ്രതിനിധികള്‍ ഔദ്യോഗികമായി സര്‍ട്ടിഫിക്കറ്റ് കൈമാറി.
കണ്ണൂര്‍ ജില്ല കലക്‌ടറുടെ ചേമ്പറില്‍ വച്ച് നടന്ന ചടങ്ങില്‍ ഐയുഡിഎക്‌സ് സിഇഒ ഡോ.ഇന്ദര്‍ ഗോപാല്‍, ഐയുഡിഎക്‌സ് ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡ് സുരേഷ് കുമാര്‍ കെകെ എന്നിവരില്‍ നിന്നും ജില്ല കലക്‌ടര്‍ എസ് ചന്ദ്രശേഖര്‍ ഐഎഎസിന്‍റെ സാന്നിധ്യത്തില്‍ മേയര്‍ അഡ്വ.ടിഒ മോഹനന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഇന്ത്യയിലെ 100 സ്‌മാര്‍ട്ട് സിറ്റികളില്‍ ഇതുവരെ 34 എണ്ണം മാത്രമാണ് ഐയുഡിഎക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇടം നേടിയിട്ടുള്ളത്. രാജ്യത്ത് സ്‌മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെടാത്ത ഒരു നഗരം ഇതിലേക്ക് വരുന്നതും ആദ്യമായാണ്.
പ്രത്യേക ആപ്പ് ഉപയോഗിച്ച് വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യശേഖരണം, കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും മറ്റും എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന ജിഐഎസ് മാപ്പിങ് പദ്ധതി തുടങ്ങിയവയാണ് കണ്ണൂര്‍ കോര്‍പറേഷനെ ഈ നേട്ടത്തിലെത്തിച്ചത്. മാത്രമല്ല കേരളത്തില്‍ ആദ്യമായി ജിഐഎസ് മാപ്പിങ് നടപ്പിലാക്കിയ കോര്‍പറേഷന്‍ എന്ന നേട്ടം കൈവരിച്ചതും ഐയുഡിഎക്‌സില്‍ ഇടം നേടാന്‍ കാരണമായി. ജില്ല ഭരണകൂടം നടപ്പിലാക്കിയ റോഡ് നെറ്റ്‌വര്‍ക്ക് ആപ്പ്, വൈഫൈ ലൊക്കേഷന്‍സ്, ഇലക്ട്രോണിക് വെഹിക്കിള്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡാറ്റ ആവശ്യമുള്ളവര്‍ക്ക് ഇതില്‍ ഡാറ്റയ്‌ക്കായി അപേക്ഷിച്ചാല്‍ ബന്ധപ്പെട്ട ഡാറ്റ പ്രൊവൈഡറുടെ അംഗീകാരം ലഭിക്കുന്നതോടെ ഡാറ്റ ഉപയോഗിക്കുന്നതിന് സാധ്യമാകും.
എല്ലാം ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം ഡാറ്റകള്‍ക്ക് വളരെയേറെ പ്രസക്തിയുണ്ട്. മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റിനും സ്‌മാര്‍ട്ട് സിറ്റിയിലേക്ക് തെരഞ്ഞെടുക്കുന്നതിനും ഇത് സഹായകവുമാകും. ഇന്ത്യയില്‍ സ്‌മാര്‍ട്ട് സിറ്റികളില്‍ തന്നെ ചിലര്‍ക്ക് മാത്രം സാധിച്ചിരുന്ന ഐയുഡിഎക്‌സ് പ്രവേശനം കണ്ണൂര്‍ കോര്‍പറേഷന് സാധ്യമായത് വഴി സ്‌മാര്‍ട്ട് സിറ്റിയിലേക്കുള്ള വലിയ ചുവടുവയ്‌പ്പായും ഇത് മാറിയിരിക്കുകയാണ്.