ശ്രദ്ധയുടെ മരണം; അമല്‍ ജ്യോതി കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു; ഹോസ്റ്റല്‍ ഒഴിയണമെന്ന നിര്‍ദേശം തള്ളി വിദ്യാര്‍ഥികള്‍ - kerala news updates
🎬 Watch Now: Feature Video
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ ബിരുദ വിദ്യാര്‍ഥിനി ശ്രദ്ധയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റലുകള്‍ ഒഴിയണമെന്ന പ്രിന്‍സിപ്പലിന്‍റെ നിര്‍ദേശം അംഗീകരിക്കാതെ വിദ്യാര്‍ഥികള്‍. ശ്രദ്ധയ്‌ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്നും ഹോസ്റ്റല്‍ ഒഴിയില്ലെന്നും വിദ്യാര്‍ഥികള്‍.
ഹോസ്റ്റലുകളിലും സമരം ശക്തമാക്കിയ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വാര്‍ഡനെ പുറത്താക്കണമെന്നും വാര്‍ഡനാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്നും പറഞ്ഞു. ശ്രദ്ധയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തിങ്കളാഴ്‌ച കോളജ് മാനേജ്‌മെന്‍റ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും അത് വിഫലമായി. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധ സമരം ഒഴിവാക്കണമെന്ന് മാനേജ്‌മെന്‍റ് ആവശ്യം വിദ്യാര്‍ഥികള്‍ അംഗീകരിച്ചില്ല.
വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ച വിഫലമായ സാഹചര്യത്തില്‍ ഇന്ന് വീണ്ടും ചര്‍ച്ചയുണ്ടാകും. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനെയും ഫുഡ് ടെക്നോളജി ഡിപ്പാർട്‌മെന്‍റ് മേധാവിയെയും ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ശ്രദ്ധയുടെ മരണത്തില്‍ പൊലീസ് നടപടികള്‍ വൈകുന്നതിലും വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധമുണ്ട്.
ഈ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ചർച്ച നിർണായകമാണ്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട കോളജിലേക്ക് എബിവിപി ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. എസ്എഫ്ഐ സംസ്ഥാന വ്യാപകമായി സ്‌കൂളുകളിലും കോളജുകളിലും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.