Water Leakage |ഹൈ പ്രഷര്‍ പെന്‍സ്‌റ്റോക്ക് പൈപ്പില്‍ ചോര്‍ച്ച; ചെങ്കുളം വൈദ്യുതി നിലയത്തില്‍ ആശങ്ക
🎬 Watch Now: Feature Video
ഇടുക്കി: ആശങ്കക്ക് ഇടവരുത്തി ചെങ്കുളം വൈദ്യുതി നിലയത്തിലേക്ക് വെള്ളം എത്തിക്കുന്ന ഹൈ പ്രഷര്‍ പെന്‍സ്‌റ്റോക്ക് പൈപ്പിന്‍റെ ജോയിന്‍റിലൂടെ വെള്ളം ചോര്‍ച്ച. ജോയിന്‍റ് ബന്ധിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുള്ള ബോള്‍ട്ടുകള്‍ക്കിടയിലൂടെയാണ് വെള്ളം പുറത്തേക്കൊഴുകിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ചോര്‍ച്ച തടയുന്ന നടപടി കെഎസ്‌ഇബി ആരംഭിച്ചു. സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ മാറ്റി സ്ഥാപിച്ചതും ചെങ്കുളം വൈദ്യുതി നിലയത്തിലേക്ക് വെള്ളം എത്തിക്കുന്നതുമായ ഹൈ പ്രഷര്‍ പെന്‍സ്‌റ്റോക്ക് പൈപ്പിന്‍റെ ജോയിന്‍റിലൂടെയാണ് കഴിഞ്ഞദിവസം വെള്ളം ചോര്‍ന്നൊഴുകിയത്. പൈപ്പുകള്‍ മാറ്റിസ്ഥാപിച്ച് പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചിട്ട് ഏതാനും നാളുകള്‍ പിന്നിടുമ്പോഴായിരുന്നു ഇത്. നേരത്തെയുണ്ടായിരുന്ന പൈപ്പുകള്‍ കാലഹരണപ്പെട്ടതോടെയായിരുന്നു പുതിയവ സ്ഥാപിച്ചത്. ജോയിന്‍റുകളില്‍ പുതിയ ഇനം ഫ്‌ളാപ്പുകളാണിപ്പോള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ഇവ വെള്ളം വന്ന് വീര്‍ത്ത് കഴിയുമ്പോള്‍ ചോര്‍ച്ച അടയുമെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. അതേസമയം പെന്‍സ്‌റ്റോക്ക് പൈപ്പുകളുടെ സുരക്ഷ പൂര്‍ണതോതില്‍ ഉറപ്പുവരുത്തണമെന്ന് പ്രദേശവാസികളും ആവശ്യപ്പെട്ടു. അതേസമയം 950 മീറ്റര്‍ നീളവും ഒന്നരമീറ്റര്‍ വ്യാസവുമുള്ള ഹൈ പ്രഷര്‍ പെന്‍സ്‌റ്റോക്ക് പൈപ്പ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ നേതൃത്വത്തിലായിരുന്നു മാറ്റി സ്ഥാപിച്ചത്. പെന്‍സ്‌റ്റോക്ക് പൈപ്പിന്‍റെ താഴ്ഭാഗത്ത് മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മാത്രമല്ല വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളും പരിസരത്തുണ്ട്.