Fake Certificate | 'തെറ്റായ പ്രവണതകൾ ഉണ്ടാകുന്നു, പ്രതിരോധം ആവശ്യം': വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മന്ത്രി ആർ.ബിന്ദു - വിദ്യാഭ്യാസ മന്ത്രി
🎬 Watch Now: Feature Video
കൊല്ലം : വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെ.വിദ്യയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. സാധാരണ ഗതിയിൽ ആരും വ്യാജരേഖകൾ നിർമിക്കാറില്ല. അത് തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും അവര്‍ അറിയിച്ചു. അതേസമയം ഒന്നോ രണ്ടോ അപഭ്രംശങ്ങൾ സംഭവിക്കുന്നതിനെ സാമാന്യവത്കരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ സർട്ടിഫിക്കറ്റുകളിലും ഹോളോഗ്രാം അടക്കം ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത് എസ്എഫ്ഐയുടെ മുകളിൽ കൊണ്ടുപോയി വയ്‌ക്കരുതെന്ന് സംസ്ഥാന സെക്രട്ടറി പി.എം ആർഷോയും മുമ്പ് പ്രതികരിച്ചിരുന്നു.
കെ.വിദ്യ ചെയ്‌ത ക്രമക്കേടിൽ എസ്എഫ്ഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും തനിക്കെതിരെ തെളിവുകളുണ്ടെന്ന് പറയുന്ന കെഎസ്‌യു നേതാക്കൾ എന്തുകൊണ്ട് അത് പുറത്തുവിടുന്നില്ലെന്നും പിഎം ആർഷോ ചോദിച്ചിരുന്നു. വിദ്യ ചെയ്‌ത ക്രമക്കേടിൽ തനിക്ക് പങ്കുണ്ടെന്ന തരത്തിൽ വരെ ആരോപണം ഉന്നയിച്ചിരുന്നുവെന്നും അത് നിഷ്‌കളങ്കമായ ശ്രമമല്ലെന്നും ആര്‍ഷോ പ്രതികരിച്ചിരുന്നു.