Sreekandeswaram Sivakumar | വലിയശാല കാന്തള്ളൂർ മഹാദേവക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചെരിഞ്ഞു - ശ്രീകണ്ഠേശ്വരം ശിവകുമാർ
🎬 Watch Now: Feature Video
തിരുവനന്തപുരം : ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചെരിഞ്ഞു. രാവിലെ പത്തരയോടെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുള്ള ആനയാണ് ശ്രീകണ്ഠേശ്വരം ശിവകുമാർ. 38 വർഷം മുമ്പാണ് ശ്രീകണ്ഠേശ്വരം ശിവകുമാറിനെ ക്ഷേത്രത്തിൽ നടക്കിരുത്തിയത്.
രണ്ട് മാസം മുൻപാണ് ആനയ്ക്ക് കുളമ്പ് രോഗം ബാധിച്ചത്. ഇതേ തുടർന്ന് ആനയ്ക്ക് എഴുന്നേൽക്കാനാകാത്ത സ്ഥിതിയായിരുന്നു. അന്ന് ക്രെയിനിന്റെ സഹായത്തോടെയാണ് ആനയെ എഴുന്നേൽപ്പിച്ചത്. ആനയ്ക്ക് ഒറ്റയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ കഴിയാത്തതിനാൽ ചികിത്സ നൽകി വരികയായിരുന്നു. ആനയുടെ വിയോഗ വാർത്ത അറിഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗങ്ങൾ, ദേവസ്വം ഭാരവാഹികൾ, നാട്ടുകാർ ആന പ്രേമികൾ അടക്കം നിരവധി പേരാണ് വലിയശാലയിലെ കാന്തള്ളൂര് മഹാദേവക്ഷേത്രത്തിൽ എത്തിയത്.
1985ൽ ഉണ്ണികൃഷ്ണൻ നായരാണ് ആനയെ വാങ്ങി ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിൽ നടയ്ക്കിരുത്തുന്നത്. ആനയ്ക്ക് ഇതുവരെ മതപ്പാട് ഉണ്ടായിട്ടില്ലെന്നും വളരെ ശാന്തസ്വഭാവക്കാരനാണെന്നും ഉണ്ണികൃഷ്ണൻ നായരുടെ മകൾ ഗൗരി ഇടിവി ഭാരതിനോട് പറഞ്ഞു. തലസ്ഥാന നഗരിയിലെ പ്രധാന ആഘോഷങ്ങളിലെല്ലാം ശ്രീകണ്ഠേശ്വരം ശിവകുമാർ തലയെടുപ്പോടെ മുന്നിലുണ്ടാകും.
ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുന്നള്ളിപ്പിൽ ഭാഗമായിരുന്നു ശ്രീകണ്ഠേശ്വരം ശിവകുമാർ. വിയോഗ വാർത്ത അറിഞ്ഞ് ആന പ്രേമികൾ ഒന്നാകെ കാന്തള്ളൂർ മേജർ മഹാദേവ ക്ഷേത്രത്തിലേക്ക് എത്തുകയാണ്. ക്ഷേത്രത്തിന്റെ മതിൽ പൊളിച്ചാണ് ആനയെ പുറത്തേക്കെടുക്കുക. നിലവിൽ വനം വകുപ്പിലെ ഉദ്യോഗസ്ഥർ എത്തി മഹസർ തയ്യാറാക്കുകയാണ്. രാത്രിയോടെ പൂജപ്പുര മുടവൻമുകളിലുള്ള ദേവസ്വം ബോർഡിന്റെ സ്ഥലത്ത് ആനയുടെ മൃതദേഹം എത്തിക്കും. തുടർന്ന് നാളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശ്രീകണ്ഠേശ്വരം ശിവകുമാറിന്റെ സംസ്കാരം നടക്കും.