'മദ്യപിച്ച് ബാങ്കിലെത്തി, പിന്നെ പരാക്രമം ആശുപത്രിയില്‍': ഇത്തവണ പൊലീസ് കെയർഫുൾ ആയിരുന്നു - ആശുപത്രിയില്‍ വെെദ്യപരിശോധനക്ക് എത്തിച്ചപ്പോൾ
🎬 Watch Now: Feature Video
തൃശ്ശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മദ്യലഹരിയില്‍ യുവാവിന്‍റെ പരാക്രമം. കേച്ചേരിയിലെ എസ്ബിഐ ബാങ്കിൽ മദ്യപിച്ചെത്തി പ്രശ്‌നം സൃഷ്‌ടിച്ച യുവാവിനെ പൊലീസ് പിടികൂടി ആശുപത്രിയില്‍ വെെദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു ആശുപത്രിയിൽ പരാക്രമം കാട്ടിയത്. കൊല്ലം അഞ്ചാലുമ്മൂട് സ്വദേശി സുൾഫിക്കറാണ് ആശുപത്രിയില്‍ പരാക്രമം നടത്തിയത്.
കുന്നംകുളം കേച്ചേരിയിലെ എസ്ബിഐ ബാങ്കിൽ മദ്യപിച്ചെത്തി പരാക്രമം കാട്ടിയതിനാണ് ഇയാളെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഇവിടെ നിന്നും പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോള്‍ ഇയാള്‍ അവിടെ വെച്ചും അക്രമാസക്തനായതാണ് വിവരം. പിന്നീട് വൈദ്യപരിശോധാനയ്ക്കായി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെയും പരാക്രമം തുടരുകയായിരുന്നു. ഡോക്ടർമാർക്കും പൊലീസുകാർക്കും നേരെ ഇയാള്‍ അസഭ്യവർഷം ചൊരിഞ്ഞു.
കയ്യിൽ വിലങ്ങ് ഉള്ളതിനാൽ പ്രതിക്ക് അക്രമം നടത്താനായില്ല. ലഹരി മൂത്ത യുവാവിനെ പൊലീസുകാർ ഒടുവില്‍ ബന്ധിയാക്കിയാണ് വൈദ്യപരിശോധന പൂർത്തിയാക്കി തിരികെ കൊണ്ടുപോയത്. സംഭവത്തില്‍ സുള്‍ഫിക്കറിന്‍റെ അറസ്‌റ്റ് കുന്നംകുളം പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കൊട്ടാക്കരയില്‍ വനിത ഡോക്‌ടറെ ആശുപത്രിയില്‍ കുത്തിക്കൊന്ന സംഭവത്തിന്‍റെ പശ്‌ചാത്തലത്തില്‍ ജാഗ്രതയോടെയാണ് ഈ വിഷയത്തില്‍ പൊലീസ് ഇടപെട്ടത്.