രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലെ പ്രതിഷേധ മാര്‍ച്ച് : ടി സിദ്ദിഖിന്‍റെ ഓഫിസ് സെക്രട്ടറിയും കെപിസിസി അംഗവും തമ്മിലടിച്ചു - wayanad news
🎬 Watch Now: Feature Video
വയനാട് : രാഹുൽഗാന്ധി എംപിക്കെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ കോൺഗ്രസ് നടത്തിയ മാർച്ചിനിടെ ടി സിദ്ദിഖ് എംഎൽഎയുടെ ഓഫിസ് സെക്രട്ടറി സാലി റാട്ടക്കൊല്ലിയും കെപിസിസി അംഗം പി പി ആലിയും തമ്മില്‍ ഏറ്റുമുട്ടി. കൽപ്പറ്റ കനറ ബാങ്ക് പരിസരത്തുനിന്ന് ഡിസിസി നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം.
ടി സിദ്ദിഖ് എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു മർദനം. പരിക്കേറ്റ സാലി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വയനാട് എം പിയായ രാഹുൽ ഗാന്ധിയെ 'മോദി' പരാമർത്തിലെ അപകീർത്തിക്കേസിനെ തുടർന്ന് ഇന്നലെ മുതൽ അയോഗ്യനാക്കിയതായി ഇന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്‌ഞാപനമിറക്കിയിരുന്നു.
സംഭവത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചിരുന്നു. വയനാട് കൽപ്പറ്റയിലും കോൺഗ്രസ് പ്രവർത്തകർ 15 മിനിറ്റോളം റോഡ് ഉപരോധിക്കുകയും സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയായിരുന്നു സംഘര്‍ഷം. അതിനിടെ രാഹുലിന് പിന്‍തുണയുമായി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.