ബസ് കാത്ത് നിന്ന വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി: വിദ്യാർഥിനി മരിച്ചു, 16 പേര്‍ക്ക് പരിക്ക് - ബസ് സ്‌റ്റോപ്പിൽ നിന്ന വിദ്യാർഥികൾക്കിടയിലേയ്ക്ക്
🎬 Watch Now: Feature Video
തിരുവനന്തപുരം: കല്ലമ്പലം വെയിലൂരിൽ ബസ് കാത്തുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ വിദ്യാർഥിനി മരിച്ചു. കെടിസിടി ആർട്‌സ് കോളജ് എംഎ ഇംഗ്ലീഷ് വിദ്യാർഥിനി ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. മറ്റൊരു വിദ്യാർഥിനി ആൽഫിയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം മൂന്ന് മണി കഴിഞ്ഞാണ് അപകടം നടന്നത്. ബസ് സ്‌റ്റോപ്പിൽ നിന്ന വിദ്യാർഥികൾക്കിടയിലേക്ക് കൊല്ലം ഭാഗത്തു നിന്നും നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ 16 ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ആതിര.പി, ഗായത്രി, ആമിന, അൽഫിയ, സുമിന, നിതിൻ, നിഹാൽ, സൂര്യ, ഫഹദ്, അരുണിമ, ഫൈസ്, ആസിയ, ആദിത്, ഗംഗ, വീണ തുടങ്ങിയ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്കായി പരിക്കേറ്റവരെ ചാത്തൻപറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്‍റെ ഉടമയേയും ഡ്രൈവറെയും കല്ലമ്പലം പൊലീസ് കസ്‌റ്റഡിയിലെടുത്തു.
അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (19) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്. ചടയമംഗലം നെട്ടേത്തറ എംസി റോഡില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിറകിൽ അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.