Ramasimhan Quits BJP: 'കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ പോകുന്നതിലും നല്ലത് കിണറ്റിൽ ചാടുന്നതാണെന്ന്' എഎന്‍ രാധാകൃഷ്‌ണന്‍

🎬 Watch Now: Feature Video

thumbnail

എറണാകുളം: പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എഎന്‍ രാധാകൃഷ്‌ണന്‍. സംവിധായകനായ രാമസിംഹൻ അബൂബക്കര്‍ (അലി അക്‌ബര്‍) ബിജെപിയില്‍ നിന്ന് രാജിവച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾക്ക് ചിലപ്പോൾ പോരായ്‌മകള്‍ സംഭവിച്ചിരിക്കാം. അതെല്ലാം പരിശോധിച്ച് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജസേനൻ ഉൾപ്പടെ ഉന്നയിച്ച പരാതികൾ ശാന്തമായി വിലയിരുത്തും. സിപിഎമ്മിൽ പോകുന്നവരോട് പറയാനുള്ളത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ പോകുന്നതിലും നല്ലത് കിണറ്റിൽ ചാടുന്നതാണെന്നും, കേരളത്തിൽ സിപിഎം-കോൺഗ്രസ് കൂട്ടുകെട്ട് ശക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേട്ടു കേൾവിയില്ലാത്ത രീതിയിൽ സംസ്ഥാനത്ത് ജനാധിപത്യ ധ്വംസനം നടക്കുകയാണെന്നും എ.എൻ രാധാകൃഷ്‌ണൻ ആരോപിച്ചു. 

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. കേരളത്തിൽ സെൽ ഭരണമാണ് നടക്കുന്നത്. കേരളത്തിൽ ഒരു മാധ്യമ പ്രവർത്തകനും ധൈര്യത്തോടെ സംസാരിക്കാൻ കഴിയില്ല. കേസില്‍ അകപ്പെട്ട ഒരു പെണ്‍കുട്ടിയെ (കെ വിദ്യ) കാണാതായിട്ട് കണ്ടുപിടിക്കാന്‍ കഴിയാത്ത പിണറായിക്ക് വേറെ വല്ല പണിക്കും പോയിക്കൂടെയെന്നും അദ്ദേഹം ചോദിച്ചു. 

മാര്‍ക്ക് ലിസ്റ്റ് വിവാദ കേസിലെ ആർഷോയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം കണ്ടാൽ പത്മശ്രീ കിട്ടിയത് പോലെയാണെന്നും ഗോവിന്ദന്‍റെ പ്രസ്‌താവനകൾ കേട്ടാൽ പൊന്നാപുരം കോട്ട വെട്ടിപിടിച്ച പോലെയായെന്നും അദ്ദേഹം പറഞ്ഞു. രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന ബിബിസിക്ക് അനുകൂലമായ പ്രസ്‌താവന നടത്തുന്ന സീതാറാം യെച്ചൂരിയെ പോലുള്ളവരെ കേരളത്തിലെ ആളുകൾ പിന്തുണയ്ക്കുകയാണ്. 

കേരളത്തിലെ പൊലീസുകാർ രാജിവച്ച് സിപിഎം ഓഫിസിൽ പോയി പ്യൂണിന്‍റെ പണിയെടുക്കണം. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേരളം താറുമാറായിരിക്കുകയാണ്. തട്ടിപ്പ് കേസിലെ പ്രതിയായ കെ.സുധാകരനെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രത്തെ വിമര്‍ശിക്കരുത്:  മുഖ്യമന്ത്രി പിണറായി വാഴ വെട്ടുമ്പോൾ സുധാകരൻ കഴുക്കോലൂരുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കേന്ദ്ര സർക്കാറിനെ വിമർശിക്കരുത്. കേരളത്തിൽ മാധ്യമങ്ങൾക്കെതിരെ പിണറായി സർക്കാർ നീങ്ങുമ്പോൾ വടക്കോട്ട് നോക്കി മാധ്യമ പ്രവർത്തകർ കഴുത്ത് വേദനിപ്പിക്കരുതെന്നും എ.എൻ രാധാകൃഷ്‌ണൻ പരിഹസിച്ചു. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ മനസിലാക്കാതെ പിണറായി വിജയനെ രക്ഷിക്കാൻ മാധ്യമ പ്രവർത്തകർ അച്ചാരം വാങ്ങരുത്.

മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ബാലൻസ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിടിക്കേണ്ടതില്ലെന്നും
മോദി തെറ്റ് ചെയ്തെങ്കിൽ നിങ്ങൾ വിമർശിച്ചോളൂവെന്നും എ.എൻ രാധാകൃഷ്‌ണന്‍ കൂട്ടിച്ചേര്‍ത്തു.

പരിഗണനയില്ലായ്‌മ ചൂണ്ടിക്കാട്ടി രാജി: ബിജെപി കലാകാരന്മാരെ അവഗണിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സംവിധായകനായ രാമസിംഹൻ അബൂബക്കര്‍ (അലി അക്‌ബര്‍) ബിജെപി വിട്ടത്. നടന്‍ ഭീമന്‍ രഘുവും സംവിധായകന്‍ രാജസേനനും പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് രാമസിംഹൻ അബൂബക്കറിന്‍റെ രാജി. ബിജെപിയില്‍ കലാകാരന്മാരുടെ സ്വതന്ത്ര അഭിപ്രായങ്ങള്‍ക്ക് യാതൊരു വിലയുമില്ലെന്നും രാജിയ്‌ക്ക് പിന്നാലെ അദ്ദേഹം വെളിപ്പെടുത്തി.  

ഇപ്പോള്‍ താന്‍ സ്വതന്ത്രനാണെന്നും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും അടിമയല്ലെന്നും രാജി വച്ച വിവരം ഫേസ്‌ബുക്കില്‍ പങ്കുവച്ച് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സംസ്ഥാന സമിതി അംഗമായിട്ടും തനിക്ക് വേണ്ട പരിഗണന ലഭിച്ചിട്ടില്ലെന്നും ഒരാഴ്‌ച മുമ്പ് തന്നെ താന്‍ രാജി കത്ത് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.