ബൈസൺവാലിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; കൂടെയുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്ക് - ആശുപത്രി
🎬 Watch Now: Feature Video
ഇടുക്കി: ബൈസൺവാലി അംബുക്കടയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. തമിഴ്‌നാട് തേനി സ്വദേശി ശശികുമാർ (22) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന ദിനേശിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്‌ച ഉച്ചയ്ക്ക് 12നാണ് അപകടം നടന്നത്. തമിഴ്‌നാട്ടുകാരായ ഇവർ ദേവികുളം ഗ്യാപ്പ് റോഡിൽ നിന്ന് ചെമ്മണ്ണാർ - ഗ്യാപ്പ് റോഡു വഴി ബൈസൺവാലിക്ക് വരുമ്പോഴാണ് അപകടം. ബൈസൺവാലിക്ക് സമീപം അംബുകടയിൽ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട ബൈക്ക് കൊറ്റംചിറക്കുന്നേൽ ഷാജിയുടെ വീടിൻ്റെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശശികുമാറിന്‍റെ ജീവൻ രക്ഷിക്കാനായില്ല. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഇതോടെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ചെമ്മണ്ണാർ - ഗ്യാപ്പ് റോഡിൽ ബൈസൺവാലി ഭാഗത്ത് നടന്ന വാഹനാപകടങ്ങൾ 13 ആയി. ഇതിൽ മൂന്നു പേർ മരിക്കുകയും ചെയ്‌തു. കുത്തിറക്കവും കൊടും വളവുകളും നിറഞ്ഞതാണ് ചെമ്മണ്ണാർ -ഗ്യാപ്പ് റോഡിൻ്റെ തുടക്കഭാഗമായ ബൈസൺവാലി ചൊക്രമുടി ഭാഗം. വഴി പരിചയമില്ലാതെ വരുന്ന ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ ഇവിടെ അമിത വേഗതയിൽ പോവുകയും നിയന്ത്രണം നഷ്‌ടപ്പെട്ട് മറിയുകയുമാണ് ചെയ്യുന്നത്. ഇരുചക്രവാഹനങ്ങൾ ഈ റോഡിലൂടെ സൂക്ഷിച്ചു മാത്രമെ പോകാവൂവെന്നും 10 മിനിറ്റ് നിർത്തിയതിനുശേഷം മാത്രം പോകുക എന്നുള്ള മുന്നറിയിപ്പ് ബോർഡുകൾ ബൈസൺവാലി പഞ്ചായത്ത് എല്ലാ വളവുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങളിൽ വരുന്നവർ ഇത് ശ്രദ്ധിക്കാറില്ല.