പൊലീസ് മുടക്കിയ കല്യാണം നാളെ; സിനിമക്കഥയെ വെല്ലുന്ന കല്യാണക്കഥയില്‍ അല്‍ഫിയയും അഖിലും നാളെ ഒന്നിക്കും... - latest news in wedding
🎬 Watch Now: Feature Video
തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരം ജില്ലയിലെ കോവളം കെഎസ് റോഡിൽ മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നടന്നത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത കല്യാണക്കഥ. സിനിമക്കഥയെ വെല്ലുന്ന കല്യാണത്തില്‍ വില്ലനായത് പൊലീസ്. ഒടുവില്‍ മജിസ്ട്രേറ്റിന്‍റെ അനുമതിയോടെ നാളെ (20.06.23) അതേ ക്ഷേത്രത്തിൽ കല്യാണം നടത്താനും തീരുമാനമായി. വിവാഹ വേദിയില്‍ നിന്ന് വധുവിനെ പൊലീസ് എത്തി പിടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളില്‍ ഇന്നലെ പ്രചരിച്ചതോടെയാണ് കല്യാണക്കഥ വൈറലായത്.
ഫ്ലാഷ് ബാക്ക് കഥയിങ്ങനെ: ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയായ അല്‍ഫിയയും കോവളം കെഎസ് റോഡ് സ്വദേശി അഖിലും തമ്മിലുള്ള കല്യാണമാണ് ഇന്നലെ (18.06.23)ന് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കല്യാണം നടക്കുന്നതിന് മുൻപായി കായംകുളം പൊലീസ് എത്തി പെൺകുട്ടിയെ വിവാഹ സ്ഥലത്ത് നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി. ഇതിന്‍റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
അതിനിടെ പെൺകുട്ടിയെ പിടിച്ച് കൊണ്ടു പോയ സംഭവത്തില്‍ വരന്‍റെ പിതാവും പരാതി നല്‍കി. ഈ മാസം 16 പൊലീസ് സാന്നിധ്യത്തിൽ യുവതിയുടെ ഇഷ്‌ടാനുസരണം കഴിയാൻ തീരുമാനമാവുകയും ബന്ധുക്കൾ പിന്തിരിയുകയും ചെയ്‌തുവെന്ന് യുവാവിന്‍റെ പിതാവ് നല്‍കിയ പരാതിയിലുണ്ട്. കായംകുളം പൊലീസ് അല്‍ഫിയയെ പിടിച്ചുകൊണ്ടു പോയതിന് പിന്നാലെ വരനും സംഘവും കായംകുളത്തേക്ക് പുറപ്പെടുകയും ചെയ്‌തു.
ശുഭാന്ത്യം: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായതിന് പിന്നാലെയാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. അതിനായി അല്‍ഫിയ കായംകുളത്ത് നിന്ന് കോവളത്ത് എത്തി കല്യാണത്തിന് തയ്യാറായി. എന്നാല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അല്‍ഫിയയുടെ വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കായംകുളം പൊലീസ് വിവാഹ വേദിയില്‍ എത്തി അല്‍ഫിയയെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു.
എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അല്‍ഫിയയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോൾ അഖിലിനൊപ്പം പോകാനാണ് താത്‌പര്യമെന്ന് അല്‍ഫിയ മജിസ്ട്രേറ്റിനെ അറിയിച്ചു. ഇതോടെ കേസ് തീർപ്പാക്കിയ മജിസ്ട്രേറ്റ് അല്‍ഫിയയെ അഖിലിനൊപ്പം പോകാൻ അനുവദിച്ചു. ഇവരുടെ കല്യാണം നാളെ കോവളം കെഎസ് റോഡിൽ മാടൻ തമ്പുരാൻ ക്ഷേത്രത്തില്‍ നടക്കും.
കേസും പ്രശ്‌നങ്ങളുമില്ലാതെ കല്യാണം നടക്കുന്നതില്‍ ഇരുവരും സന്തോഷത്തിലാണ്. അതേ സമയം ക്ഷേത്രത്തില്‍ കയറി പെൺകുട്ടിയെ പിടിച്ചു കൊണ്ടു പോയത് അടക്കം പൊലീസിന്‍റെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് വരന്‍റെ നാടായ കോവളത്ത് ഉണ്ടായിട്ടുള്ളത്.