ന്യൂഡല്‍ഹി: കൊവിഡ് മരണങ്ങള്‍ കണക്കാക്കാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച രീതിയെ വിമര്‍ശിച്ച് ഇന്ത്യ. കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ആധികാരിക വിവരം രാജ്യത്തുണ്ടെന്നിരിക്കെ ഗണിത മാതൃക (മാത്താമാറ്റിക്കല്‍ മോഡലിങ്) ഉപയോഗിച്ച് കൊവിഡ് മരണങ്ങള്‍ കണക്കാക്കിയതിനെ ഇന്ത്യ ചോദ്യം ചെയ്‌തു. വിവര ശേഖരണത്തിന് അവലംബിച്ച രീതിയും ഫലപ്രദമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.
രാജ്യത്ത് 47 ലക്ഷം ആളുകള്‍ കൊവിഡ് മൂലം മരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയത്. ഇന്ത്യ ഓദ്യോഗികമായി പുറത്തുവിട്ട കണക്കിന്‍റെ പത്ത് മടങ്ങാണ് ഇത്. ഇതുപ്രകാരം ലോകത്ത് റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് മരണങ്ങളുടെ മൂന്നില്‍ ഒന്ന് ഇന്ത്യയിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷം ലോകത്ത് ആകെ ഒരു കോടി അമ്പത് ലക്ഷം ആളുകള്‍ കൊവിഡിന്‍റെ പ്രത്യക്ഷ ഫലമായോ അല്ലെങ്കില്‍ പരോക്ഷ ഫലമായോ മരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയത്.
ഔദ്യോഗികമായി രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് അറുപത് ലക്ഷം ആളുകളാണ്. ഇതിന്‍റെ രണ്ട് ഇരട്ടിയില്‍ അധികമാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.
ചോദ്യം ചെയ്യാന്‍ ഒരുങ്ങി: കൂടുതല്‍ മരണങ്ങളും തെക്ക് കിഴക്കന്‍ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ്. ലോകാരോഗ്യ സംഘടന കൊവിഡ് മരണ സംഖ്യ കണക്കാക്കിയ രീതിയെ സംഘടനയുടെ അസംബ്ലിയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ഇന്ത്യ ചോദ്യം ചെയ്‌തേക്കും. ഗണിതശാസ്ത്ര മാതൃകകള്‍ ഉപയോഗിച്ച് കൊണ്ട് അധിക കൊവിഡ് മരങ്ങള്‍ കണക്കാക്കുന്ന ലോകാരോഗ്യ സംഘടനയുടെ രീതിയെ എതിർത്തിട്ടും ഇന്ത്യയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
സിവില്‍ റജിസ്ട്രേഷന്‍ സംവിധാനം(CRS) വഴി റജിസ്‌ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ(RGI) പ്രസിദ്ധീകരിച്ച ആധികാരിക വിവരം ലഭ്യമായിട്ടും ഗണിത മാതൃക ഉപയോഗിച്ചാണ് ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ കണക്കാക്കിയത്.
ഇന്ത്യൻ സംവിധാനം ശക്തമെന്ന് കേന്ദ്ര സര്‍ക്കാര്‍: ജനന മരണ റജിസ്ട്രേഷന്‍ നിയമം, 1969ന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തമായ ജനന മരണ റജിസ്ട്രേഷന്‍ സംവിധാനം ഇന്ത്യയില്‍ ഉണ്ട്. ആര്‍ജിഐ ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന സിവില്‍ റജിസ്ട്രേഷന്‍ ഡാറ്റയും സാമ്പിള്‍ റജിസ്ട്രേഷന്‍ ഡാറ്റയും രാജ്യത്തും അന്താരാഷ്ട്ര തലത്തിലുമുള്ള ഗവേഷകരും ശാസ്ത്രജ്ഞരും ഉപയോഗിക്കാറുള്ളതാണ്. ആര്‍ജിഐ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള നിയമപരമായി സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ്.
ആര്‍ജിഐയെ സഹായിക്കാനായി സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മുഖ്യ റജിസ്‌ട്രാറുകളുടെ ഓഫീസുകളും രാജ്യത്താകമാനമായി മൂന്ന് ലക്ഷത്തിലധികം റജിസ്ട്രാറുകളും സബ്‌റജിസ്ട്രാറുകളും ഉണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും ആര്‍ജിഐ ദേശീയ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നു. 2019ലെ ദേശീയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് 2021 ജൂണിലാണ്. 2020 ലേത് പ്രസിദ്ധീകരിച്ചത് 2022 മെയ് 3നാണ്.
അനൗദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് വിവരം ശേഖരിച്ചു: നിയമപരമായ ചട്ടക്കൂട്ടില്‍ നിന്ന് പ്രസിദ്ധീകരിച്ച അത്തരം കൃത്യമായ വിവരങ്ങള്‍ ലോകാരോഗ്യ സംഘടന ഉപയോഗിക്കുന്നതിന് പകരം കൃത്യത കുറവുള്ള ഗണിത മാതൃകകള്‍ ഉപയോഗിച്ചുകൊണ്ടും ഔദ്യോഗികമല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുമാണ് കൊവിഡ് മരണനിരക്ക് കണക്കാക്കിയതെന്നും ഇന്ത്യ ചൂണ്ടികാട്ടി. ഔദ്യോഗിക സംവിധാനത്തിലൂടെ രാജ്യം കൃത്യമായ മരണകണക്കുകള്‍ ശേഖരിച്ചിട്ടുള്ളത് കൊണ്ട് തന്നെ ഇന്ത്യയെ ടയര്‍ 2 ഗണത്തില്‍ പെടുത്തിയതിന് ഒരു ന്യായികരണവുമില്ലെന്ന് ഇന്ത്യ പ്രതികരിച്ചു.
ഇന്ത്യ ഉയര്‍ത്തിയ ഈ വാദങ്ങളോട് ലോകാരോഗ്യ സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. പതിനേഴ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചത് ചില മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലും ചില വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചതില്‍ നിന്നുമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയതാണ്.
ഇതിനെ ഇന്ത്യ നിരന്തരമായി ചോദ്യം ചെയ്‌തിരുന്നു. ശാസ്ത്രീയമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വിവരശേഖരണ രീതിയാണ് ലോകാരോഗ്യ സംഘടന അവലംബിച്ചതെന്നാണ് ഇതു കാണിക്കുന്നത്. ലോകാരോഗ്യ സംഘടനയുമായി ഇന്ത്യ ആശയവിനിമയം നടത്തുന്ന അവസരത്തില്‍ പല തരത്തിലുള്ള മാതൃകകളുടെ അടിസ്ഥാനത്തില്‍ വിവിധങ്ങളായ അധിക കൊവിഡ് മരണ കണക്കുകളാണ് അവര്‍ പ്രൊജക്റ്റ് ചെയ്‌തത്. ഈ വസ്‌തുത തന്നെ മാതൃകകളുടെ സാധുത ചോദ്യം ചെയ്യപ്പെടുന്നതാണ്.
സംഘടന അക്കാദമിക കണിശത പാലിച്ചില്ല: ഇന്ത്യയിലെ അധിക കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നതിന് ഗ്ലോബല്‍ ഹെല്‍ത്ത് എസ്റ്റിമേറ്റ് 2019 ലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ഇന്ത്യ ചോദ്യം ചെയ്യുന്നു. ഗ്ലോബല്‍ ഹെല്‍ത്ത് എസ്റ്റിമേറ്റ് തന്നെ ഒരു ഏകദേശ കണക്കാണ്. ഗണിത മാതൃകകള്‍ ഉപയോഗിച്ച് ഏകദേശ കണക്ക് കണ്ടെത്തുന്നതിന് മറ്റൊരു ഏകദേശ കണക്കിലെ വിവരങ്ങള്‍ ഉപയോഗിക്കുകയും അതേസമയം തന്നെ രാജ്യത്ത് ലഭ്യമായ യഥാര്‍ഥ വിവരങ്ങള്‍ ഉപയോഗിക്കപ്പെടാതിരിക്കുകയും ചെയ്യുന്നതിന്‍റെ സാംഗത്യം ഇന്ത്യ ചോദ്യം ചെയ്‌തു. അക്കാദമികമായ കണിശത പാലിക്കാത്തതാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.
ഇന്ത്യയിലെ വൈവിധ്യങ്ങള്‍ പരിഗണിച്ചില്ല: കൊവിഡ് കണക്കാക്കാനായി ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത മറ്റൊരു വേരിയബിള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ്. ഒരു സമയത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്ത് എല്ലായിടത്തും ഒരേപോലെയായിരുന്നില്ലെന്ന് ഇന്ത്യ ചൂണ്ടികാട്ടി. ടെസ്റ്റ്പോസിറ്റിവിറ്റി അടിസ്ഥാനപ്പെടുത്തിയുള്ള മാതൃക ടെസ്റ്റുകള്‍ ചെയ്‌തതിന്‍റെ നിരക്കും, ആര്‍ടിപിസിആര്‍, ആര്‍എടി തുടങ്ങിയ വിവിധ തരം ടെസ്റ്റുകള്‍ ഉണ്ടാക്കുന്ന വ്യത്യസ്തതയും കൃത്യമായി പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടു. 130 കോടി ജനങ്ങളുള്ള വലിയ രാജ്യത്തിന്‍റെ വ്യത്യസ്തതകള്‍ പരിഗണിക്കാതെയുള്ള കണക്ക് കൂട്ടല്‍ രീതി ചെറിയ രാജ്യങ്ങള്‍ക്ക് യോജിക്കുമെങ്കിലും ഇന്ത്യയ്ക്ക് യോജിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
2021 നവംബര്‍ മുതല്‍ 2022 മെയ് വരെ ഇന്ത്യ പത്ത് തവണ ലോകാരോഗ്യ സംഘടനയുമായി ഔദ്യോഗിക ആശയവിനിമയം നടത്തിയതാണ്. കൂടാതെ നിരവധി ഓണ്‍ലൈന്‍ കൂടിക്കാഴ്ചകളും ഉണ്ടായി. ഈ കൂടിക്കാഴ്ചകളില്‍ ഇന്ത്യയുടെ കൊവിഡുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ അവരുമായി പങ്കുവച്ചതാണ്. എന്നാല്‍ ഈ കണക്കുകള്‍ ലോകാരോഗ്യ സംഘടന സൗകര്യം പൂര്‍വം അവഗണിക്കുകയാണ് ചെയ്‌തത്. അതിന് പകരം ഇന്ത്യ ചോദ്യം ചെയ്‌ത രീതികള്‍ അവലംബിച്ച് അവര്‍ ഇന്ത്യയിലെ അധിക കൊവിഡ് മരണങ്ങള്‍ കണക്കാക്കി എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്‌തമാക്കി.